
നെടുമങ്ങാട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അരുവിക്കരയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. വിനോദസഞ്ചാരികൾക്കും സ്കൂൾ കുട്ടികൾക്കും നാട്ടുകാർക്കും കടിയേൽക്കുന്നത് നിത്യസംഭവമാണ്. അരുവിക്കര ഡാം സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾ വാട്ടർ അതോറിട്ടി, ടൂറിസം അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഡാമിനു സമീപത്തെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും താവളമുറപ്പിച്ചിരിക്കുന്ന തെരുവുനായ്ക്കൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നുണ്ട്. പഴയ പൊലീസ് സ്റ്റേഷന്റെ പരിസരത്ത് കേന്ദ്രീകരിക്കുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. വലിയ വളവുകളുള്ള റോഡിൽ തെരുവുനായ്ക്കൾ കിടക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസ്, ഹയർസെക്കൻഡറി സ്കൂൾ, പൊലീസ് സ്റ്റേഷൻ, അക്ഷയ കേന്ദ്രം, കെ.എസ്.ഇ.ബി ഓഫീസ് എന്നിവ ജംഗ്‌ഷനിൽ പ്രവർത്തിക്കുന്നുണ്ട്.വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നൂറുകണക്കിന് ആളുകൾ തെരുവ് നായ് ഭീതിയിലാണ്.സമീപത്തെ വില്ലേജ് ഓഫീസിലും മൃഗാശുപത്രിയിലും എത്തുന്നവരും തെരുവ് നായ്ക്കളുടെ ആക്രമണം മുന്നിൽ കണ്ടാണ് വരുന്നത്.
കുത്തിവയ്പുകൾക്ക് നെടുമങ്ങാട്ടോ പേരൂർക്കടയോ പോകണം
അരുവിക്കരയിലെ ഏക ആതുരാലയമായ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാപ്പകൽ ഭേദമില്ലാതെ നായ്ക്കൾ ചുറ്റിത്തിരിയുകയാണ്.ചികിത്സതേടി വരുന്നവരെ നായ്ക്കൾ പലവട്ടം ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഡോക്ടർമാരടക്കമുള്ള ജീവനക്കാർ ഭീതിയുടെ നടുവിലാണ് സേവനമനുഷ്ഠിക്കുന്നത്. കടിയേറ്റ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇവർക്ക് പേവിഷബാധയ്ക്കെതിരെയുള്ള ആദ്യഡോസ് കുത്തിവയ്പ് മാത്രമേ കുടുംബാരോഗ്യ കേന്ദ്രത്തിൽ എടുക്കുകയുള്ളു. തുടർന്നുള്ള കുത്തിവയ്പുകൾക്ക് നെടുമങ്ങാട്, പേരൂർക്കട എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളെയോ മറ്റു സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കണം.
നാടെങ്ങും ഭയത്തിൽ
ജി.വി.രാജ സ്പോർട്സ് സ്കൂൾ പരിസരത്തെ നായശല്യം കാരണം കായിക വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ പരിശീലനം ചെയ്യാനാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അരുവിക്കര പഞ്ചായത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഭൂരിഭാഗവും തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരും ഭയത്തിലാണ്.
ശല്യം കൂടുതൽ ഇവിടങ്ങളിൽ
അരുവിക്കര ഹയർസെക്കൻഡറി സ്കൂൾ ജംഗ്‌ഷൻ, ഗവ.എൽ.പി സ്കൂൾ പരിസരം, ജി.വി.രാജ സ്കൂൾ പരിസരം,പൊലീസ് സ്റ്റേഷൻ റോഡ്,മൃഗാശുപത്രിയുടെയും വില്ലേജ് ഓഫീസിന്റെയും പരിസരങ്ങൾ, കുടുംബാരോഗ്യകേന്ദ്രം, അരുവിക്കര ഡാം,ഡാമിനു സമീപത്തെ ഓപ്പൺ എയർ ഓഡിറ്റോറിയം,പഴയ പൊലീസ് സ്റ്റേഷൻ പരിസരം, ഡാമിനു സമീപത്തെ റിസർവോയർ പ്രദേശങ്ങൾ, മുള്ളിലവിൻമൂട്, മൈലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |