മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മാരൻകുളങ്ങര ക്ഷേത്രക്കുളത്തിന്റെ
നവീകരണം പൂർത്തിയായി. ഇതോടെ, അമ്പലവും മുറ്റത്തെ പനകളും ആകാശം മുഖം നോക്കുന്ന ക്ഷേത്രക്കുളവുമൊക്കെയായി പരിസരം പുത്തൻ ദൃശ്യാനുഭവമാണ് ഭക്തർക്ക് സമ്മാനിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സഹസ്ര സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എൽ.ഡി.സിയാണ് ക്ഷേത്രക്കുളം വൃത്തിയാക്കിയത്.
ഏകദേശം അറുപത്തിനാല് ലക്ഷം രൂപ നബാർഡിൽ നിന്ന് വായ്‌പയെടുത്താണ് നവീകരണം പൂർത്തിയാക്കിയത്. കുളത്തിലെ എക്കലും മണലും നീക്കി ആഴം കൂട്ടി കരിങ്കൽ കെട്ടി. കൽക്കെട്ട് ഇടിയാതിരിക്കാൻ ഇടയ്ക്കിടെ കോൺക്രീറ്റ് ബെൽറ്റും നിർമ്മിച്ച് സംരക്ഷണം ഉറപ്പാക്കി. മൂന്ന് കൽപ്പടവുകളും പ്രായമായവർക്ക് സഹായകമായി അതിന് കൈവരിയും നിർമ്മിച്ചു. അരമതിലും അതിനുമേൽ ഗ്രില്ലും ചുറ്റിലും ടൈൽ പാകിയ നടപ്പാതയും കൂടി സജ്ജമാക്കിയതോടെ ക്ഷേത്രക്കുളം ലക്ഷണമൊത്ത ജലസംഭരണിയായി മാറി. ഉദ്ഘാടനം അടുത്ത ആഴ്ച നടക്കും.
പരിസരത്തെ ജലനിരപ്പ് ഉയരും
1.നാൽപ്പത് സെന്റ് വിസ്തീർണ്ണമുള്ള ക്ഷേത്രക്കുളത്തിൽ ശുദ്ധജലം നിറയുന്നതോടെ
പരിസരത്തെ 40 ഹെക്ടർ സ്ഥലത്ത് ജലലഭ്യത ഉറപ്പാകും. തെങ്ങ് ഉൾപ്പടെയുള്ള കൃഷികൾക്ക് അതിന്റെ പ്രയോജനം ലഭിക്കും
2.സമീപത്തെ ചെറുകുളങ്ങൾ, കിണറുകൾ, കുഴൽക്കിണറുകൾ എന്നിവയിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം വരൾച്ചയിൽ നിന്ന് അവയെ രക്ഷിക്കുകയും ചെയ്യും
3. കുളത്തിൽ എണ്ണയും സോപ്പും ഉപയോഗിക്കാതെ ആളുകൾക്ക് കുളിക്കാം. എന്നാൽ തുണി അലക്കാൻ പാടില്ല. താമര, അമ്പൽ എന്നിവ വച്ചുപിടിപ്പിക്കാനും അനുവാദിക്കില്ല
അറുപത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം രൂപ ചെലവഴിച്ചാണ് മണലും എക്കലും അടിഞ്ഞുകിടന്ന ക്ഷേത്രക്കുളം മനോഹരമാക്കിയത്
-പി.വി.സത്യനേശൻ, ചെയർമാൻ, കെ.എൽ.ഡി.സി
ക്ഷേത്രക്കുളം വൃത്തിയായി സംരക്ഷിക്കാമെന്ന് കെ.എൽ.ഡി.സിയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്
-കെ.കെ.ഗോപകുമാർ, ക്ഷേത്രയോഗം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |