
കിളിമാനൂർ: ഇത്രയുംനാൾ കാട്ടുപന്നികളുടെയും മയിലുകളുടെയും ശല്യം മാത്രമേ കൃഷിയിടങ്ങളിൽ ഉണ്ടായിരുന്നുള്ളു. എന്നാലിപ്പോൾ വാനരന്മാരും കൂട്ടമായെത്താൻ തുടങ്ങിയിട്ടുണ്ട്. കുരങ്ങുകളുടെ വരവോടെ പാചകം ചെയ്ത് വച്ചിരിക്കുന്ന ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പാങ്ങോട് പഞ്ചായത്തിലെ കാക്കാണിക്കരക്കാർ പരാതിപ്പെടുന്നു. നൂറുകണക്കിന് കുരങ്ങുകൾ കൂട്ടമായെത്തി ഓട് പൊളിച്ച് വീടിനകത്തിറങ്ങി അഹാരസാധനങ്ങൾ എടുത്ത് കഴിക്കുക, വീട്ടുപകരണങ്ങൾ നശിപ്പിക്കുക, വാട്ടർ ടാങ്കിനകത്തിറങ്ങുക, വസ്ത്രങ്ങൾ എടുത്ത് കൊണ്ടുപോകുക തുടങ്ങിയ ഉപദ്രവങ്ങൾ കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞദിവസം നിരവധി വീടുകളിൽ എത്തിയ കുരങ്ങുകൾ വീട്ടുപകരണങ്ങൾ നശിപ്പിച്ചു. കുട്ടികളെ ഉപദ്രവിക്കുമോയെന്ന ഭയത്തിലാണിപ്പോൾ പ്രദേശവാസികൾ.
വനാതിർത്തിയായതിനാൽ കുരങ്ങുകളോടൊപ്പം പന്നി,കാട്ടുപോത്ത്,പുലി,കരടി,മയിൽ തുടങ്ങി മിക്ക വന്യമൃഗങ്ങളും നാട്ടിലെത്താറുണ്ട്
പന്നിശല്യവും രൂക്ഷം
വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിച്ചു. കതിരായ നെല്ലുകളാണ് കൂട്ടത്തോടെ വയലുകളിൽ ഇറങ്ങി പന്നികൾ നശിപ്പിക്കുന്നത്.വരമ്പുകൾ കുത്തി നശിപ്പിക്കുന്നതും പതിവാണ്. വയലുകളിൽ മാത്രമല്ല കരപ്രദേശങ്ങളിൽ കൃഷി ചെയ്തിരിക്കുന്ന മരിച്ചീനി,വാഴ,ചേന,ചേമ്പ് തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നതും പതിവാണ്. കാർഷികനഷ്ടത്തിന് കൃഷി ഓഫീസിൽ പരാതി നൽകിയാലും ഫലമൊന്നുമില്ലെന്ന് കർഷകർ പറയുന്നു.
അപകടവും പതിവ്
രാത്രികാലങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന പന്നികളിപ്പോൾ പകൽ സമയത്തും സജീവമാണ്. ഇവയെ പേടിച്ച് സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാനും ജനങ്ങൾ ഭയക്കുന്നു. സമീപ ദിവസങ്ങളിൽ നിരവധി പേരാണ് ഇവയുടെ ആക്രമണത്തിന് ഇരയായത്. ഇതിൽ കൂടുതൽ പേരും വെളുപ്പിന് റബർ ടാപ്പിംഗിന് പോകുന്നവരാണ്. ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
കൃഷി ചെയ്യാൻ ലോണെടുക്കുന്നതോടൊപ്പം കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ കയറാതിരിക്കാൻ കമ്പിവേലി, സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാനും ഇപ്പോൾ പൈസ മുടക്കേണ്ട അവസ്ഥയാണ്. സാധാരണ കർഷകന് ഇത് അപ്രാപ്യമാണ്. ഈ സാഹചര്യത്തിൽ കൃഷിഭൂമി തരിശിടാനേ കർഷകന് നിർവാഹമുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |