
കൊല്ലം: ചിന്നക്കടയിൽ നിന്ന് ആരംഭിക്കുന്ന കൊല്ലം -തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗം വീതിയുള്ളിടങ്ങളിൽ 10 മീറ്ററായി വികസിപ്പിക്കാൻ ആലോചന. ഇത് സംബന്ധിച്ച ശുപാർശ വൈകാതെ പൊതുമരാമത്ത് ദേശീയപാത വിഭാഗം എൻ.എച്ച്.എ.ഐക്ക് സമർപ്പിക്കും.
മൂന്നാഴ്ച മുമ്പ് മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.എ.മുഹമ്മദ് റിയാസ് എന്നിവർ കൊല്ലം- തിരുമംഗലം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എൻ.എച്ച്.എ.ഐ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച പൊതുമരാമത്ത് ദേശയീയപാത, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥ സംഘം ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. തുടർന്നാണ് സ്ഥലമുള്ളിടങ്ങളിൽ 10 മീറ്റർ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കാൻ ധാരണയായത്. നിലവിൽ ഭൂരിഭാഗം സ്ഥലങ്ങളിലും 7 മുതൽ 8 മീറ്റർ വരെ മാത്രമാണ് റോഡിന്റെ വീതി. പത്ത് മീറ്ററാകുന്നതോടെ ഗതാഗതക്കുരുക്ക് വലിയളവിൽ കുറയുമെന്നാണ് കണക്കുകൂട്ടൽ.
കടമ്പാട്ടുകോണം-ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ വികസന പദ്ധതിയിൽ കൊല്ലം- തിരുമംഗലം ദേശീയപാതയുടെ ഇടമൺ മുതൽ ചെങ്കോട്ട വരെയുള്ള ഭാഗം ഉൾപ്പെട്ടിട്ടുണ്ട്. ഇടമൺ മുതൽ ചെങ്കോട്ട വരെയുള്ള ഭാഗത്തെ സ്ഥലമേറ്റെടുത്ത് 45മീറ്ററിൽ 4 വരിപ്പാതയായാണ് നിർമ്മിക്കുന്നത്. ഇതോടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാതയുടെ സ്ഥലമേറ്റെടുത്തുള്ള വികസനം എൻ.എച്ച്.എ.ഐ ഉപേക്ഷിച്ചത്.
പണം എൻ.എച്ച്.എ.ഐ മുടക്കും
നിർമ്മാണം പൊതുമരാമത്ത് വകുപ്പിന്
മൊത്തത്തിൽ റീ ടാറിംഗ്
ഭൂരിഭാഗം സ്ഥലങ്ങളിലും ഒരുവശത്ത് റെയിൽവേ ട്രാക്ക്
അതിനാൽ മറുവശത്ത് നിന്ന് മാത്രം സ്ഥലം ഏറ്റെടുക്കും
നീളം- 54 കിലോ മീറ്റർ
നിലവിൽ വീതി- 7-8 മീറ്റർ
വികസിപ്പിക്കുന്നത്-10 മീറ്റർ
കൊല്ലം-തിരുമംഗലം ദേശീയപാതയുടെ ചിന്നക്കട മുതൽ ഇടമൺ വരെയുള്ള ഭാഗം പേവ്ഡ് ഷോൾഡർ സഹിതം 10 മീറ്ററിൽ വികസിപ്പിക്കാനുള്ള പദ്ധതിരേഖ വൈകാതെ എൻ.എച്ച്.എ.ഐക്ക് നൽകും.
പൊതുമരാമത്ത് ദേശീയപാത വിഭാഗം അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |