
പ്രത്യേകതകളാർന്ന ആരാധനായലയങ്ങൾ നിറഞ്ഞതാണ് കേരളത്തിലെ ഓരോ ജില്ലകളും. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നഗരത്തിൽ നിന്നും കേവലം 15 കിലോമീറ്റർ പോയാൽ വിളപ്പിൽ പഞ്ചായത്ത് എത്തും. ഇവിടെ സ്ഥിതിചെയ്യുന്ന ഒരു വനശാസ്‌താ ക്ഷേത്രം ഏറെ സവിശേഷതകൾ ഉള്ളതാണ്. നഗരത്തിന് വളരെ അടുത്താണെങ്കിലും ഇത്ര സുന്ദരമായൊരു സ്ഥലമോ എന്ന് എല്ലാവർക്കും അമ്പരപ്പുളവാക്കുന്നതാണ് ശാസ്‌താംപാറ. മാറനല്ലൂരിൽ ഒരു വലിയ പാറയുടെ പുറത്തായി വനത്തിനുള്ളിലാണ് ശാസ്‌താംപാറ വനശാസ്‌താ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
തിരുവനന്തപുരത്ത് നിന്നും തിരുമല-പേയാട്-തച്ചോട്ടുകാവ്-മൂങ്ങോട്-മണലി വഴിയാണ് ഇവിടെയെത്തുക. പണ്ട് കള്ളിക്കാട് എന്നറിയപ്പെടുന്ന സ്ഥലമാണിത്. സമുദ്രനിരപ്പിൽ നിന്നും 1800 മീറ്റർ ഉയരത്തിലായാണ് പൂർണ, പുഷ്‌കല എന്നീ പത്നിമാരോടും സത്യകൻ എന്ന മകനോടുമൊപ്പമുള്ള ശാസ്‌താവിന്റെ പ്രതിഷ്‌ഠയുള്ളത്. ഏകാന്തമായി ധ്യാനത്തിനായി തിരഞ്ഞെടുക്കാവുന്ന തികഞ്ഞ ശാന്തമായ അന്തരീക്ഷമാണ് ക്ഷേത്രത്തിനുള്ളത്. പാറപ്പുറത്ത് പ്രത്യേകം കെട്ടിത്തിരിച്ചയിടത്ത് അതിപുരാതനമായ ആരാധന തുടരുന്ന ശ്രീകോവിലൊന്നുമില്ലാത്ത പ്രകൃതിയിൽ സ്ഥിതിചെയ്യുന്ന ശാസ്‌താ പ്രതിഷ്‌ഠ കാണാം. നിരവധി വർഷങ്ങളായി ഇവിടെ ആരാധന തുടർന്നുപോരുന്നു.
ശാസ്‌താ പ്രീതിക്ക് വരുന്നവർ മാത്രമല്ല പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവരും ഇവിടെ എത്തുന്നുണ്ട്. ടൂറിസം വകുപ്പ് ഇവിടെയൊരു പാർക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്ന് പ്രകൃതി ഭംഗി ആസ്വദിക്കാം. ഒരിടത്ത് നിന്നാൽ അറബിക്കടലും അഗസ്‌ത്യമലനിരയും ഇരുവശങ്ങളിലായി കാണാം. തിരുവനന്തപുരത്തിന്റെ ഭംഗി നന്നായി ആസ്വദിക്കാനാവുന്ന ഇടമാണ്. ക്ഷേത്രത്തിന് സമീപം പാറയിൽ ഒരിക്കലും വറ്റാത്ത കുളവുമുണ്ട് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |