
കാബൂൾ: പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിക്കാനുള്ള നീക്കവുമായി അഫ്ഗാനിസ്ഥാനും. അഫ്‌ഗാനിൽ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന കുനാർ നദയിൽ അണക്കെട്ട് നിർമ്മിക്കാനാണ് അഫ്‌ഗാന്റെ ശ്രമം. താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്സാദയാണ് അണക്കെട്ടുനിർമ്മാണം സംബന്ധിച്ച പ്രഖ്യാപനം എക്സിൽ കുറിച്ചത്. പാക്- അഫ്ഗാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് താലിബാന്റെ നിർണായക നീക്കം.
കുനാർ നദിയിലെ അണക്കെട്ടുനിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കാനും ഇതിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി കാരാറിൽ ഏർപ്പെടാനും അഖുന്ദ്സാ നിർദേശം നൽകിയതായി അഫ്‌ഗാൻ ജല-ഊർജ മന്ത്രാലയം അറിയിച്ചു. പഹൽഗാം ആക്രണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതോടെ കടുത്ത ജലക്ഷാമത്തിലൂടെയാണ് പാകിസ്ഥാൻ ഇപ്പോൾ കടന്നുപോകുന്നത്. കുനാർ നദിയിൽ അണക്കെട്ടുയരുന്നതോടെ ഇത് കൂടുൽ രൂക്ഷമാവുമെന്നാണ് കരുതുന്നത്.
480 കിലോമീറ്റർ നീളമുള്ളതാണ് കുനാർ നദി. വടക്കുകിഴക്കൻ അഫ്‌ഗാനിലെ ഹിന്ദുകുഷ് പർവത നിരയിൽ നിന്നാണ് ഉത്ഭവം. പാക് അതിർത്തിയോട് ചേർന്നുള്ള ബോഗ്രിൽ ചുരത്തിന് സമീപത്താണിത്. ഇവിടെനിന്ന് കുനാർ, നൻഗർഹാർ പ്രവിശ്യകളിലൂടെ തെക്കോട്ട് ഒഴുകി പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൻഖ്വയിലേക്ക് കടക്കുകയും അവിടെ ജലാലാബാദ് നഗരത്തിനടുത്തുള്ള കാബൂൾ നദിയിൽ ചേരുകയുമാണ് ചെയ്യുന്നത്. പാകിസ്ഥാനിൽ കുനാറിനെ ചിത്രാൽ നദി എന്നാണ് വിളിക്കുന്നത്.
കാബൂൾ നദി അറ്റോക്ക് നഗരത്തിന് സമീപത്തുവച്ച് സിന്ധു നദിയിൽ ചേരുന്നു. ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലെ കൃഷിയിടങ്ങളിലേക്കും മറ്റ് ആവശ്യങ്ങൾക്കും ഈ നദിയിലെ ജലമാണ് ഉപയോഗിക്കുന്നത്. കുനാർ നദിയിലൂടെ ജലം എത്താതിരുന്നാൽ സിന്ധു നദിയിൽ ജലത്തിന്റെ അളവ് തീരെ കുറയും. ഇത് പാകിസ്ഥാനിലെ കൃഷിയിലും ജനജീവിതത്തിലും ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പാകിസ്ഥാനിലെ ജലസ്രോതസുകൾ പൂർണമായി അടയ്ക്കുന്നതിന് തുല്യമായിരിക്കും ഇതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും ഇടയിൽ ഔപചാരികമായി ഉഭയകക്ഷി ജലപങ്കിടൽ കരാറും നിലവിലില്ല. അതിനാൽ, അണക്കെട്ടുനിർമ്മാണത്തെ ചോദ്യംചെയ്യാനും കഴിയില്ല. പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്നാണ് അണക്കെട്ടുനിർമ്മാണവുമായി അഫ്‌ഗാൻ മുന്നോട്ടുപോകുന്നതെങ്കിലും അക്കാര്യം അവർ പുറത്തുപറയുന്നില്ല.2021ൽ അഫ്‌ഗാനിൽ അധികാരമേറ്റശേഷം രാജ്യത്തെ എല്ലാ അർത്ഥത്തിലുമുളള സ്വയം പര്യാപ്തതയാണ് താലിബാൻ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഊർജ ഉല്പാദനം, ജലസേചനം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. ഇത് ലക്ഷ്യമിട്ടാണ് അണക്കെട്ട് നിർമാണം എന്നാണ് അഫ്‌ഗാൻ പറയുന്നത്. അഫ്‌ഗാന്റെ പുനഃർനിർമാണത്തിന് ഇന്ത്യ കാര്യമായി സഹായം ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |