തൃശൂർ: വാളയാർ-ഇടപ്പിള്ളി ദേശീയപാതയിൽ അടിപ്പാത നിർമ്മാണ കരാർ ഈ മാസം അവസാനിക്കാനിരിക്കെ എങ്ങുമെത്താതെ അടിപ്പാത നിർമ്മാണം. ദേശീയപാത അതോറിറ്റി പി.എസ്.ടി എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് 11 സ്ഥലത്ത് അടിപ്പാതകൾ നിർമ്മിക്കാൻ കരാർ നൽകിയിട്ടുള്ളത്. കരാർ ഈ മാസം 31ന് അവസാനിക്കും. 2024 ജനുവരി 29ന് ആണ് കരാർ ഏറ്റെടുത്തത്. പല സ്ഥലങ്ങളിലും 27 ശതമാനം പോലും നിർമ്മാണം പൂർത്തിയായിട്ടില്ല. കരാർ അവസാനിക്കുന്നതോടെ അടിപ്പാതകളുടെ നിർമ്മാണം പൂർണമായും സ്തംഭിക്കും.
കുരുക്കി നിർമ്മാണം
നിലവിൽ അടിപ്പാതകളുടെ നിർമ്മാണം ഏകദേശം സ്തംഭിച്ച അവസ്ഥയിലാണ്. ചില സ്ഥലങ്ങളിൽ നാമമാത്രമായ പണികളാണ് നടക്കുന്നത്. സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയതിനുശേഷമേ അടിപ്പാതകളുടെ നിർമ്മാണം ആരംഭിക്കാവുവെന്നാണ് കരാർ നിയമം. എന്നാൽ തകർന്ന് കിടക്കുന്ന അടിപ്പാതകളിൽ ടാറിംഗ് പോലും നടത്താതെ നിർമ്മാണം ആരംഭിച്ചതോടെ മണിക്കൂറുകളോളം ദേശീയ പാതയിൽ വാഹനങ്ങൾ കുരുങ്ങിയിരുന്നു. തുടർന്ന് കോടതി ഇടപ്പെട്ടതോടെ സർവീസ് റോഡിൽ ടാറിംഗ് നടത്തുകയായിരുന്നു.
നിർദ്ദേശങ്ങൾക്കും പുല്ലുവില
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അടിപ്പാതകളുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോട് മാസങ്ങൾക്ക് മുമ്പ് നിർദ്ദേശിച്ചിരുന്നു. നിർമ്മാണം വേഗത്തിലാക്കുന്നതിന് ആവശ്യമായ രീതിയിൽ തൊഴിലാളികളുടേയും മെഷീനറികളുടെയും എണ്ണം വർദ്ധിപ്പിക്കണമെന്നായിരുന്നു കളക്ടറുടെ നിർദ്ദേശം. എന്നാൽ ഇതുവരെ ഒരു നടപടിയും കരാർ കമ്പനി സ്വീകരിച്ചില്ല.
കാലാവധി കഴിഞ്ഞാൽ പിഴ
അടിപ്പാതകളുടെ നിർമ്മാണം നടത്തുന്നതിന് അനുവദിച്ച കാലാവധി കഴിഞ്ഞാൽ ദേശീയ പാത അതോറിറ്റിക്ക് കരാർ കമ്പനിക്ക് പിഴ ചുമത്താം. എന്നാൽ മഴ മൂലമാണ് നിർമ്മാണം പൂർത്തിയാക്കാൻ പറ്റാത്തതെന്നാണ് കരാർ കമ്പനി അറിയിച്ചത്.
അടിപ്പാതകൾ - 11
ചെലവ് - 383 കോടി
കാലാവധി ഏറ്റെടുത്തത്-2024 ജനുവരി 29ന്
കരാർ കാലാവധി - 2025 ഒക്്‌ടോബർ 31
പൂർത്തിയായത് - 27 ശതമാനം
അടിപ്പാത നിർമ്മാണത്തിൽ ദേശീയ പാത അതോറിറ്റി നടത്തുന്ന ഒളിച്ചുകളി കോടതിയിൽ വ്യക്തമാക്കും. നവംബർ മൂന്നിന് കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കും. ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും തമ്മിലുള്ള ഒത്തുകളി തുറന്നു കാട്ടും.അഡ്വ. ഷാജി കോടങ്കണ്ടത്ത്
ഹർജിക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |