 
                 
                 
            
കുറച്ചുനാളുകളായി മെഗാ താരങ്ങളായ രജനികാന്തും കമലഹാസനും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നുവെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. അടുത്തിടെ ഇതിന് അനുകൂലിച്ച് കമൽഹാസനും രംഗത്തെത്തിയിരുന്നു. 46 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ച് സ്ക്രീനിലെത്തുന്നത്.
1975ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത 'അപൂർവ രാഗങ്ങളി'ലാണ് രജനിയും കമലും ആദ്യമായി ഒന്നിച്ചത്. രജനിയുടെ ആദ്യ ചിത്രമായിരുന്നു അത്. പിന്നീട് മൂണ്ട്രു മുടിച്ചു, 16 വയതിനിലെ, നിനൈത്താലെ ഇനിക്കും തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ഒന്നിച്ച് പ്രവർത്തിച്ചു.1979ൽ റിലീസ് ചെയ്ത ഐവി ശശിയുടെ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് രജനികാന്തിന്റെ മകളും നിർമാതാവും ഗ്രാഫിക് ഡിസെെനറുമായ സൗന്ദര്യ രജനികാന്ത്. ഗലാട്ട സംഘടിപ്പിച്ച ഒരു അവാർഡ് ദാനചടങ്ങിൽ നടി ശ്രുതിഹാസനൊപ്പം വേദിയിൽ സംസാരിക്കെയാണ് സൗന്ദര്യ ഇക്കാര്യം പറഞ്ഞത്. രജനിയെയും കമലിനെയും വീണ്ടും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണെന്ന് അവതാരകർ പറഞ്ഞു. തങ്ങളും അത് ആഗ്രഹിക്കുന്നുവെന്ന് ശ്രുതിയും സൗന്ദര്യയും പ്രതികരിച്ചു. സിനിമയെക്കുറിച്ച് ഏതെങ്കിലും അപ്‌ഡേറ്റ് തരുമോയെന്ന ചോദ്യത്തിനാണ് സൗന്ദര്യ മറുപടി നൽകിയത്.
'അതിനെക്കുറിച്ച് വിവരങ്ങൾ ഞങ്ങളുടെ അച്ഛന്മാർ നൽകും. തീർച്ചയായും അപ്പ കമൽ അങ്കിളിന്റെ ബാനറിൽ (രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ) സിനിമ ചെയ്യും. പക്ഷേ അത് ഏത് തരം സിനിമയായിരിക്കും എന്നതടക്കമുള്ള വിവരങ്ങൾ തലെെവർ തന്നെ വെളിപ്പെടുത്തും'- എന്നാണ് സൗന്ദര്യ മറുപടി പറഞ്ഞത്.
| 
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |