കാെല്ലം: 'റെഡ് സല്യൂട്ട് റെഡ് സല്യൂട്ട്... രക്തസാക്ഷി ഗ്രാമങ്ങളേ... പുന്നപ്ര വയലാർ ഗ്രാമങ്ങളേ... പുളകങ്ങളേ.. വീര പുളകങ്ങളേ..."- പാടിത്തുടങ്ങിയപ്പോൾ പി.കെ.മേദിനി പ്രായം മറന്നു, വാക്കുകലിലെ വിറയൽ മാറി. ശബ്ദത്തിന് പന്ത്രണ്ടുകാരിയുടെ പ്രസരിപ്പ്. തൊണ്ണൂറ്റിമൂന്ന് വയസിന്റെ യാതൊരവശതകളും പാട്ടിന് നൽകാതെയാണ് അവർ പാടിത്തീർത്തത്.
'നിങ്ങൾക്കുനേർന്നിടുന്നു വിപ്ളവാഭിവാദനം' എന്ന അവസാന വരിയെത്തിയപ്പോൾ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന മുഖഭാവത്തിലേക്കെത്തി. സമരമുഖങ്ങൾക്ക് ഈണങ്ങളുടെ രക്തശോഭ ചാർത്തിയ വിപ്ളവ ഗാനങ്ങൾക്ക് ഇന്നും മങ്ങലേറ്റിട്ടില്ലെന്ന് ഒന്നുകൂടി ഉറപ്പിച്ചു. ഇന്നലെ കൊല്ലം പ്രസ് ക്ളബിൽ ചലച്ചിത്ര സംവിധായകൻ അനിൽ.വി.നാഗേന്ദ്രന്റെ 'വീരവണക്കം' സിനിമയുടെ കേരളത്തിലെ പ്രദർശനവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനാണ് ചിത്രത്തിൽ അഭിനയിച്ച വിപ്ളവ ഗായിക പി.കെ.മേദിനിയെത്തിയത്.
പടവുകൾ കയറാനും വർത്തമാനത്തിനുമൊക്കെ പ്രായം ചില്ലറ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ വിപ്ളവ ഗാനത്തിന് ആ അവശതകൾ ലവലേശവുമുണ്ടായില്ല. സിനിമയിൽ ചിരുതയെന്ന മുഖ്യ കഥാപാത്രത്തെയാണ് പി.കെ.മേദിനി അവതരിപ്പിച്ചത്.
സമരവേദിയിലെ പാവാടക്കാരി
ആലപ്പുഴ ആറാട്ടുപുഴ പുത്തൻപുരയ്ക്കൽ വീട്ടിൽ കങ്കാളിയുടെയും (കേശവൻ) പാപ്പിയുടെയും മകളായി 1933 ആഗസ്റ്റ് 8ന് ആണ് പി.കെ.മേദിനി ജനിച്ചത്. പന്ത്രണ്ട് മക്കളിൽ ആറുപേർ മേദിനി ജനിക്കുന്നതിന് മുമ്പുതന്നെ മരിച്ചു. അമ്മയുടെ അമ്മാനപ്പാട്ടുകൾ കേട്ടുപഠിച്ച് പാടിത്തുടങ്ങി, ആറാം ക്ളാസിൽ സ്കൂൾ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനിയിൽ സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് ആദ്യമായി വിപ്ളവ ഗാനം പാടിയത്. അന്ന് വയസ് 12. പിന്നെ സമരവേദികളിലും കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടികളിലും മേദിനിയുടെ പാട്ട് അനിവാര്യ ഘടകമായി. നിരോധിക്കപ്പെട്ട പാട്ട് പാടിയതിന് പതിനഞ്ചാം വയസിൽ ജയിലിൽ അടയ്ക്കപ്പെട്ടു. മോചിതയായ ശേഷം വീണ്ടും പാടി, പതിനേഴാം വയസിൽ വീണ്ടും ജയിൽവാസം. 19ാം വയസിൽ പാർട്ടി അംഗത്വം ലഭിച്ചു. പുന്നപ്ര വയലാർ സമര സേനാനികളിൽ ജീവിച്ചിരിക്കുന്ന ഏക വനിതയാണ് പി.കെ.മേദിനി. അനിൽ വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത 'വസന്തത്തിന്റെ കനൽ വഴികൾ' എന്ന സിനിമയിൽ ചിരുതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹം സംവിധാനം ചെയ്ത 'തീ'യിലും അഭിനയിച്ച ശേഷമാണ് ഇപ്പോൾ 'വീരവണക്ക'ത്തിലും ചിരുതയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |