
□ഉറ്റു നോക്കി രാഷ്ട്രീയ കേരളം
ആലപ്പുഴ: പി.എം ശ്രീ വിവാദത്തിൽ മന്ത്രിമാരെ പിൻവലിക്കൽ ഉൾപ്പടെയുള്ള കടുത്ത നടപടികൾ കൈക്കൊള്ളുമെന്ന് പറയുന്ന സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ്
ഇന്നിവിടെ ചേരും.ഒപ്പം, ജില്ലയിൽ മുഖ്യമന്ത്രി പിണറായി,വിജയന്റെ സാന്നിദ്ധ്യവും. ആലപ്പുഴയിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം . രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒരുമിച്ച് ആചരിക്കുന്ന പുന്നപ്ര - വയലാർ വാർഷികത്തിന്റെ സമാപനത്തിൽ , ഇരു പാർട്ടി നേതാക്കളും ഒരുമിച്ച് വേദി പങ്കിടേണ്ട അവസരത്തിലാണിതെന്നതും ശ്രദ്ധേയം.
പി.എം.ശ്രീയിൽ മുന്നണി മര്യാദകൾ ലംഘിച്ചുള്ള സി.പി.എമ്മിന്റെ ഏകപക്ഷീയ തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണമെന്ന് സി.പി.ഐ എക്സിക്യുട്ടീവിൽ
ആവശ്യമുയർന്നാൽ, കടുത്ത നടപടികളിലേക്കാകും കടക്കുക. രാവിലെ പത്തിന് ടി.വി സ്മാരകത്തിൽ ആരംഭിക്കുന്ന എക്സിക്യുട്ടീവ് യോഗം ഉച്ചയോടെ അവസാനിക്കും. ഈ സമയം കായംകുളത്തെയും തോട്ടപ്പള്ളി നാലുചിറയിലെയും പരിപാടികൾക്ക് ശേഷം ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രിയും ആലപ്പുഴയിലെ സർക്കാർ ഗസ്റ്റ് ഹൗസിലുണ്ടാകും.
രണ്ട് പാർട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ പരിഗണനയ്ക്ക് ശേഷമുള്ള എക്സിക്യുട്ടീവ് തീരുമാനം കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ സ്വാധീനിക്കുന്നതായേക്കും
ഇത് കൂടാതെ , സി.പി.എം ജില്ലാ നേതൃത്വത്തിൽ തുടരുന്ന വിഭാഗീയതയും ,മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരനെതിരായ സൈബർ ആക്രമണങ്ങളും അതിനെതിരായ അദ്ദേഹത്തിന്റെ പരസ്യ പ്രതികരണങ്ങളും മുഖ്യമന്ത്രിയുടെ ഇടപെടലിന് ഇടയാക്കുമോയെന്നതും ചോദ്യ ചിഹ്നമാണ്.നാലുചിറ പാലം ഉദ്ഘാടനത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ നോട്ടീസിലുൾപ്പെട്ടിരുന്ന ജി.സുധാകരനെ ലോക്കൽ കമ്മിറ്രി ഒഴിവാക്കിയതും, ജില്ലയിലെ പാർട്ടി ചുമതല വഹിക്കുന്ന സജി ചെറിയാനെതിരെ ജി.സുധാകരൻ ഉന്നയിച്ച പരാതികളും പരിഹാരമില്ലാതെ തുടരുകയാണ്. പുന്നപ്ര- വയലാർ വാർഷികത്തിൽ ദീപശിഖാ പ്രയാണത്തിന് നേതൃത്വം കൊടുത്ത് പാർട്ടി പരിപാടിയിൽ ജി.സുധാകരൻ ലൈവാകുമ്പോൾ പ്രശ്നങ്ങളെ അവഗണിക്കാൻ മുഖ്യമന്ത്രിക്കുമാകില്ല.
രാവിലെ മുതൽ സജി ചെറിയാനും ജില്ലാ സെക്രട്ടറി ആർ. നാസറും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടെന്നിരിക്കെ അനുനയത്തിന്റെ ഭാഗമായി ജി.സുധാകരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കോ , ആശയ വിനിമയത്തിനോ തയ്യാറാകുമോ എന്നുമറിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |