
ന്യൂഡൽഹി: പി.എം ശ്രീ വിവാദം സി.പി.എം- സി.പി.ഐ ബന്ധം വഷളാക്കാതെ പരിഹരിക്കണമെന്ന നിലപാടിൽ ദേശീയ നേതൃത്വങ്ങൾ. ഇടതുമുന്നണിയിൽ വിള്ളലുണ്ടാക്കുന്ന മട്ടിൽ പ്രശ്‌നം നീണ്ടുപോകരുത്. ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം ദേശീയ നേതൃത്വങ്ങൾ ഇടപെടും.
ഇന്ന് ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. അതിന് ശേഷം അടുത്ത നീക്കം തീരുമാനിക്കുമെന്നാണ്
ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഇന്നലെ ഡൽഹിയിൽ പറഞ്ഞത്. രണ്ട് പാർട്ടികൾക്കുമിടയിലെ തൃപ്‌തിയുടെയും അതൃപ്‌തിയുടെയും വിഷയമല്ല. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ രാഷ്ട്രീയമാണ് . ധാരണാപത്രം പിൻവലിക്കണമെന്നതിൽ സി.പി.ഐ ഉറച്ചു നിൽക്കുന്നു. സി.പി.എം നിലപാട് വ്യക്തമാക്കട്ടെ. പദ്ധതിയുമായി മുന്നോട്ടു പോകുമെന്നത് ചില സി.പി.എം നേതാക്കൾ മാത്രം സ്വീകരിച്ചിരിക്കുന്ന നിലപാടാണെന്ന്, മന്ത്രി വി. ശിവൻകുട്ടിയുടെ അഭിപ്രായം മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ രാജ പ്രതികരിച്ചു. കേരളത്തിൽ ചർച്ച ചെയ്‌തു പരിഹരിക്കേണ്ട വിഷയമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ആവർത്തിച്ചു. .
ബേബിയുടെ മൗനത്തിൽ
വിഷമമെന്ന്
ധാരണാപത്രം പുന:പരിശോധിക്കുമോയെന്നതടക്കം സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ ചോദ്യങ്ങളോട് മൗനമായിരുന്നു എം.എ. ബേബിയുടെ മറുപടിയെന്ന് പാർട്ടി നേതാവ് കെ. പ്രകാശ് ബാബു പ്രതികരിച്ചൂ. ബേബി നിസഹായത പ്രകടിപ്പിച്ചതിൽ വളരെ വിഷമമുണ്ട്. അടിസ്ഥാന സൗകര്യ വികസനമല്ല, സിലബസാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകാശ് ബാബുവിന്റെ പ്രതികരണം മറുപടി അർഹിക്കുന്നില്ലെന്ന് എം.എ. ബേബി പ്രതികരിച്ചു. താൻ വളരെ നിസഹായനാണെന്നും, കുറച്ച് ശക്തി അദ്ദേഹത്തിൽ നിന്ന് കടം വാങ്ങിക്കാമെന്നും പരിഹസിച്ചു. വിവാദം മുറുകിയതോടെ ഡി. രാജ കേരള ഹൗസിലെത്തി പ്രകാശ് ബാബുവുമായി സംസാരിച്ചു. ചില പ്രത്യേക സാഹചര്യങ്ങളിലെ പരാമർശങ്ങളാണെന്ന് രാജ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |