
ആലപ്പുഴ: ഒരു കുഞ്ഞിനായി വർഷങ്ങളോളം കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയായി ഹോമിയോപ്പതി വകുപ്പിന്റെ ജനനിപദ്ധതി. 2012ൽ അമ്മയും കുഞ്ഞുമെന്ന പേരിൽ കണ്ണൂരിൽ പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ സംസ്ഥാനത്ത് പിറന്നത് 3635 കുട്ടികൾ. ഐ.വി.എഫ്, ഐ.യു.ഐ തുടങ്ങിയ ചികിത്സയുടെ ഭീമമായ ചെലവ് താങ്ങാനാകാത്ത അവസ്ഥയിലാണ് ചികിത്സയും മരുന്നും സൗജന്യമായി ജനനിപദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.
പാർശ്വഫലങ്ങളില്ലാത്ത, തികച്ചും ശാസ്ത്രീയമായ രീതിയിൽ ഹോമിയോപ്പതി മരുന്നുകളിലൂടെ ഗർഭധാരണം സാദ്ധ്യമാക്കുന്നു എന്നതാണ് പ്രത്യേകത. പദ്ധതി ഫലം കണ്ടതോടെ 2013ൽ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ വ്യാപിപ്പിക്കുകയും 2019ഓടെ ജനനിയെന്ന പേരിൽ സംസ്ഥാനത്തെ ജില്ലാ ഹോമിയോ ആശുപത്രികളിൽ ചികിത്സ ആരംഭിക്കുകയും ചെയ്തു. എല്ലാ ജില്ലാ ആശുപത്രികളിലും ആഴ്ചയിൽ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ചികിത്സ ലഭ്യമാണ്. കൂടാതെ വന്ധ്യത ചികിത്സയുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. ബി.പി.എൽ മഞ്ഞ കാർഡുകാർക്ക് ഈ ടെസ്റ്റുകൾ സൗജന്യമാണ്. പിങ്ക് കാർഡുകൾക്ക് 50 ശതമാനവും ജനറൽ വിഭാഗത്തിന് 30 ശതമാനവും നിരക്കിൽ ഇളവ് ലഭിക്കും. ആഴ്ചയിൽ രണ്ടുദിവസം സ്കാനിംഗ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
പുരുഷവന്ധ്യതയ്ക്കും പരിഹാരം
ആധുനികവും ചെലവേറിയതുമായ രീതികൾ അവലംബിച്ചിട്ടും ഗർഭിണിയാകാത്തവർ,ഗർഭിണിയായിട്ടും പലതരം കാരണങ്ങളാൽ ഗർഭസ്ഥ ശിശുവിനെ നഷ്ടമായവർ എന്നിവർക്കാണ് പദ്ധതിയിലൂടെ ചികിത്സ നൽകുന്നത്. പുരുഷ വന്ധ്യതയ്ക്ക് കാരണമായ ബീജക്കുറവ്, ബീജ ചലനശേഷിക്കുറവ്,വെരിക്കോസ്,ലൈംഗിക പ്രശ്നങ്ങൾ,പി.സി.ഒ.ഡി,ഫൈബ്രോയിഡ് പോലുള്ള ഗർഭാശയമുഴകൾ,ഹോർമോൺ തകരാറുകൾ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ചികിത്സ ജനനി പദ്ധതിയിലൂടെ ലഭിക്കും. ജീവിതശൈലി രോഗങ്ങൾ കാരണമുള്ള വന്ധ്യതയ്ക്കും ചികിത്സയുണ്ട്.വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം,യോഗ, കൗൺസലിംഗ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |