ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ദേശീയപാത-85 നിർമ്മാണം നിറുത്തിവയ്ക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. ദുരന്ത സാദ്ധ്യതയുള്ള ദേശീയപാതയും മറ്റ് പ്രദേശങ്ങളും സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക ടീം രൂപീകരിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശിയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ദേശീയപാത അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ, ദേവികുളം തഹസിൽദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.
പഠന റിപ്പോർട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചിൽ ദുരന്ത സാദ്ധ്യതയുള്ള എൻ.എച്ച്- 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കാൻ ദേശീയപാത അതോറിട്ടി പ്രൊജക്ട് ഡയറക്ടർക്ക് നിർദേശം നൽകി.
മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണവുമാണെന്ന് ആരോപണമുയർന്നിരുന്നു. വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് ചെത്തിയെടുത്തത് മലയ്ക്ക് വലിയ തോതിൽ ഇളക്കം തട്ടാൻ കാരണമായി. മഴ പെയ്യാതിരുന്നിട്ടും മണ്ണിടിച്ചിലുണ്ടായത് അശാസ്ത്രീയ മണ്ണെടുപ്പ് മൂലമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഒരാൾക്ക് ഇറങ്ങാവുന്നത്ര വിള്ളൽ അവിടെ മുമ്പുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിർമ്മാണത്തിൽ അപാകതകളില്ലെന്നുമാണ് ദേശീയപാത അതോറിട്ടിയുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |