
നിക്ഷേപകര്‍ക്ക് ആവേശം നഷ്ടമാകുന്നു
കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ സ്വര്‍ണ വില ഇന്നലെയും തകര്‍ന്നടിഞ്ഞു. പവന്‍ വില 1,800 രൂപ ഇടിഞ്ഞ് 88,600 രൂപയിലെത്തി. ഗ്രാമിന്റെ വില 225 രൂപ കുറഞ്ഞ് 11,075 രൂപയിലെത്തി. ഇന്നലെ രാവിലെ പവന് 600 രൂപയും ഉച്ചയ്ക്ക് ശേഷം 1,200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ നിക്ഷേപകരും സ്വര്‍ണ പണയ സ്ഥാപനങ്ങളും ബാങ്കുകളും കടുത്ത ആശങ്കയിലായി. വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ തീരുമാനം മാറ്റുന്നത് ജുവലറികള്‍ക്കും തിരിച്ചടിയായി.
അമേരിക്കയും ചൈനയും വ്യാപാര ധാരണയിലെത്തുമെന്ന വാര്‍ത്തകളാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. ഈ വാരം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായുള്ള ചര്‍ച്ചയില്‍ വ്യാപാര കരാര്‍ ഒക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങികൂട്ടിയ ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വര്‍ണ വില്‍പ്പന ശക്തമാക്കി. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിലെ നിക്ഷേപ താത്പര്യം കുറച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 3,887 ഡോളര്‍ വരെ താഴ്ന്നു.
പത്ത് ദിവസത്തില്‍ 8,760 രൂപ കുറഞ്ഞു
ഒക്ടോബര്‍ 17ന് വില 97,360 രൂപയിലെത്തി റെക്കാഡിട്ടതിനു ശേഷം പത്ത് ദിവസത്തിനിടെ പവന് 8,760 രൂപയാണ് കുറഞ്ഞത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ഡൊണാള്‍ഡ് ട്രംപ് വ്യാപാര കരാര്‍ ഒപ്പുവച്ചതാണ് ലോകമൊട്ടാകെ നിക്ഷേപകരുടെ ആശങ്കകള്‍ ഒഴിവാക്കുന്നത്. ഫെഡറല്‍ റിസര്‍വ് അടുത്ത ദിവസം പലിശ കുറച്ചില്ലെങ്കില്‍ സ്വര്‍ണ വില ഇനിയും താഴും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |