
തൃശൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. സിബിഎസ്‌ഇ, ഐസിഎസ്‌ഇ, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ കൂട്ടി നിശ്ചയിച്ച പരീക്ഷകൾ, അഭിമുഖങ്ങൾ, ജില്ലാ ശാസ്‌ത്രമേളകൾ എന്നിവയിൽ മാറ്റം ഉണ്ടാകില്ലെന്ന് കളക്‌ടർ അറിയിച്ചു.
നേരത്തെ,പുത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങൾക്ക് തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ നാളെ അവധി പ്രഖ്യാപിച്ചിരുന്നു. പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണവും ജനത്തിരക്കും പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ അങ്കണവാടി ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നാണ് അറിയിപ്പ്.
അതേസമയം, കേരളത്തിൽ വരും മണിക്കൂറുകളിൽ ഇടിയോടു കൂടിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ടും മറ്റ് ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |