
പത്തനംതിട്ട :അതിക്രമത്തിന് ഇരയാവുന്നതും അപമാനിക്കപ്പെടുന്നതും സ്വന്തംവീട്ടിൽ തന്നെയാകുമ്പോൾ പരാതിപ്പെടാൻപോലും കഴിയാത്ത അവസ്ഥയിൽ സ്ത്രീകൾ. കൊലക്കത്തിക്ക് ഇരയാകുന്നവരുമുണ്ട്. വനിതാ കമ്മിഷൻ നടത്തുന്ന സിറ്റിംഗുകളിൽ ഏറ്റവും കൂടുതൽ കേസുകൾ ഗാർഹിക അതിക്രമങ്ങളും പീഡനങ്ങളുമാണ്.
സ്ത്രീധനത്തിന്റെ പേരിൽ ഈ വർഷം അഞ്ച് പെൺകുട്ടികൾക്ക് ജീവൻ നഷ്ടമായി. ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരമായ അതിക്രമങ്ങൾക്ക് 2814 പേർ വിധേയരായി. ഓരോ വർഷവും അതിക്രമം വർദ്ധിക്കുകയാണ്.
അതേസമയം, പുറത്തുനിന്നടക്കമുള്ള കുറ്റകൃത്യങ്ങൾ നോക്കിയാൽ, 2014പേർ ശാരീരിക പീഡനത്തിനും 2688 പേർ ബലാത്സംഗത്തിനും ഇരയായിട്ടുണ്ട്.
സ്ത്രീ സുരക്ഷയ്ക്കായി ചിരി, ഹോപ്പ്, നിർഭയ , അപരാജിത തുടങ്ങി നിരവധി പദ്ധതികളുണ്ടെങ്കിലും പരാതി നൽകാൻ പലർക്കും പേടിയാണ്. പ്രശ്നങ്ങൾ വീട്ടിൽ നിന്നാകുമ്പോൾ എതിർപ്പും ഒറ്റപ്പെടുത്തലും നേരിടേണ്ടിവരുമെന്നാതാണ് കാരണം. വീട്ടിൽ നിൽക്കാൻ കഴിയില്ലെന്നും ഷെൽട്ടർ ഹോമിലേക്ക് മാറ്റാമോയെന്നും വനിതാ കമ്മിഷനോട് ചോദിക്കുന്നവരുമുണ്ട്. കോടതികളിൽ എത്താതെയും സ്ത്രീയുടെ സമ്മതം ആരായാതെയും ഒത്തുതീർപ്പാക്കുന്ന കേസുകളും നിരവധിയാണ്.
ഈ വർഷം മാത്രം
12244 അതിക്രമങ്ങൾ
(വീടിന് പുറത്തുനിന്നുൾപ്പെടെ)
2025 : 12244 (ആഗസ്റ്റ് വരെയുള്ള കണക്ക്)
2024 : 18887
2023 : 18980
2022 : 18943
2021 : 16199
``സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. പരാതി കുടുംബത്തിന് നേർക്കാകുമ്പോൾ അതിൽ കുറച്ച് സങ്കീർണതയുണ്ട്. പുതിയ തലമുറയിലെ കുട്ടികൾ പരാതിയുമായി രംഗത്ത് വരുന്നുണ്ട്. ബോധവത്കരണം വിവിധ തലങ്ങളിൽ നൽകുന്നുണ്ട്. കുടുംബത്തിൽ കൃത്യമായ ആശയവിനിമയം നടത്തിയാൽ ഒരുപരിധിവരെ ബന്ധങ്ങൾ നിലനിൽക്കും.``
-പി. സതീദേവി
വനിതാ കമ്മിഷൻ
സംസ്ഥാന അദ്ധ്യക്ഷ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |