
മെല്‍ബണ്‍: സിഡ്‌നിയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ 2027ല്‍ കളിക്കുമോയെന്ന സംശയം താത്കാലികമായി ദൂരീകരിച്ചിരിക്കുകയാണ് രോ-കോ സഖ്യം. സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും പ്ലെയര്‍ ഓഫ് ദി മാച്ച് & സീരീസ് പുരസ്‌കാരങ്ങള്‍ക്ക് പുറമേ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് രോഹിത് ശര്‍മ്മ. തന്റെ പ്രതിഭയ്ക്ക് കൈമോശം വന്നിട്ടില്ലെന്ന് വിരാട് കൊഹ്ലിയും തെളിയിച്ചു. പുറത്താക്കാന്‍ കാത്തിരുന്നവര്‍ക്ക് 'നിരാശ' പകരുന്നതായിരുന്നു ഇരുവരുടേയും തിരിച്ചുവരവ്.
മൂന്ന് ഫോര്‍മാറ്റില്‍ മൂന്ന് ക്യാപ്റ്റന്‍മാര്‍ക്കൊപ്പം ഭാവി ടീമിനെ വാര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് രോഹിത് ശര്‍മ്മയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് പരിശീലകന്‍ ഗൗതം ഗംഭീറും സെലക്ടര്‍ അജിത് അഗാര്‍ക്കറും ഉയര്‍ത്തിയ ന്യായം. ടെസ്റ്റിലും ട്വന്റി 20യിലും രോഹിത്തും വിരാടും കളിക്കുന്നില്ല. ഏകദിന ഫോര്‍മാറ്റിലും ഭാവി മുന്നില്‍ക്കണ്ട് ടീമിനെ ഒരുക്കേണ്ടതുണ്ട്. അതിനായി യുവതാരങ്ങളെ കൂടുതല്‍ മത്സരങ്ങള്‍ കളിപ്പിക്കണം എന്നതായിരുന്നു ഗംഭീറിന്റെ പ്ലാന്‍.
യുവതാരം ശുബ്മാന്‍ ഗില്ലിനെ നായകനാക്കി പുതിയ തലമുറയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ നയിക്കുകയെന്ന പദ്ധതിയില്‍ തന്റെ നയം ശുബ്മാന്‍ ഗില്‍ വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താന്‍ ക്യാപ്റ്റനായിരിക്കുന്ന ടീമില്‍ യുവാക്കള്‍ക്കൊപ്പം പരിചയസമ്പത്തിനും വലിയ പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നാണ് ഗില്ലിന്റെ നിലപാട്. ഇത് വിരാട് കൊഹ്ലി, രോഹിത് ശര്‍മ്മ എന്നീ മുന്‍ നായകന്‍മാര്‍ ടീമിലുണ്ടാകണമെന്ന് ഗില്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ഓസീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പരമ്പര മുതല്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന ഗില്ലിന് ഏകദിന ടീമിന്റെ നായക സ്ഥാനവും കൈമാറിയത് ഓസീസ് പര്യടനം മുതലാണ്. അന്ന് മാദ്ധ്യമങ്ങളെ കണ്ടപ്പോള്‍ ഗില്‍ നേരിട്ട ചോദ്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ളത് രോഹിത് - വിരാട് സഖ്യത്തിന്റെ ഭാവിയെക്കുറിച്ചായിരുന്നു. ഇരുവരും ടീമിന് എല്ലാക്കാലവും മുതല്‍ക്കൂട്ടാണെന്നും അവരെ ഉള്‍പ്പെടുത്തി തന്നെ ടീം മുന്നോട്ട് പോകുമെന്നും അവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുമെന്നുമാണ് ഗില്‍ നല്‍കിയ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |