
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കിയതോടെ രോഗ കാരണങ്ങളും ഉറവിടവും കണ്ടെത്താൻ ആരോഗ്യവകുപ്പ് പഠനം തുടങ്ങി. ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദ്ധരും ചേർന്നാണ് പഠനം നടത്തുന്നത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട രോഗമായിട്ടും സംഘത്തിൽ പരിസ്ഥിതി വിദഗ്ദ്ധർ ഉൾപ്പെട്ടിട്ടില്ല. ഇതുകാരണം രോഗവ്യാപനത്തിന്റെ എല്ലാവശങ്ങളും കൃത്യമായി പഠിക്കാൻ ഈ സംഘത്തിന് പരിമിതിയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. രോഗത്തെയും ചികിത്സയെയും കുറിച്ചേ ഇക്കൂട്ടർക്ക് ധാരണയുള്ളൂ. കമ്മ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത് വിഭാഗങ്ങളിലുള്ളവരാണ് പഠനസംഘത്തിന് നേതൃത്വം നൽകുന്നത്.
കോഴിക്കോട്ടാണ് ഫീൽഡുതല പഠനം ആരംഭിച്ചത്. രോഗം റിപ്പോർട്ട് ചെയ്‌ത തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. രോഗവ്യാപനവും ഉറവിടവും വ്യത്യസ്‌തമായതിനാൽ ഓരോ കേസും പ്രത്യേകം പഠിക്കണം. രോഗബാധിതരുടെയും മരിച്ചവരുടെയും വീടും പരിസരവും വിലയിരുത്തും. ഇവിടെ കുടിവെള്ളമെത്തുന്ന സ്രോതസിനെക്കുറിച്ചും പഠിക്കും. വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കും.
പഠനം പൂർത്തിയാകാൻ ആറുമാസമെങ്കിലും വേണം. കേരളത്തിലെയും ഐ.സി.എം.ആർ, ഐ.എ.വി, പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ആഗസ്റ്റിൽ ടെക്‌നിക്കൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടർപഠനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഫീൽഡുതല പഠനം.
പരിശോധന പബ്ലിക് ലാബിൽ
പഠനത്തിന്റെ ഭാഗമായി ശേഖരിക്കുന്ന സാമ്പിളുകൾ തിരുവനന്തപുരം പബ്ലിക് ലാബിൽ പരിശോധിക്കും. അമീബയുടെ സ്‌പീഷീസ് ഐഡന്റിഫിക്കേഷനും മോളിക്യുലാർ സങ്കേതിക വിദ്യയിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും നടത്താനുള്ള സംവിധാനം പബ്ലിക് ഹെൽത്ത് ലാബിലുണ്ട്. അഞ്ചു തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലാർ സംവിധാനവും ഇവിടെയുണ്ട്.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ?
1. ഒരേ ജലസ്രോതസ് ഉപയോഗിച്ചവരിൽ ഒരാൾ മാത്രം എങ്ങനെ രോഗബാധിതനായി?
2. രോഗം ബാധിച്ചിട്ടും തിരിച്ചറിയാതെ പോയവരുണ്ടോ?
3. രോഗ ബാധിതരിൽ ആന്റിബോഡി രൂപപ്പെടുമോ?
4. രക്തപരിശോധനയിൽ ആന്റിബോഡികൾ കണ്ടെത്താനാകുമോ?
അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കും പ്രതിരോധത്തിനും ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. രോഗം കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനുള്ള ഇടപെടലുകൾ ഫലപ്രദമായി നടപ്പിലാക്കി.ആഗോളതലത്തിൽ 99ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 24ശതമാനമായി കുറച്ചു.
-വീണാ ജോർജ്
ആരോഗ്യമന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |