
മുംബയ്: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ് നടത്തി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രവി ആനന്ദ അംബോർ (35) വിശ്വപാൽ ചന്ദ്രകാന്ത് യാദവ് (37) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കള്ളപ്പണ കേസിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് മുതിർന്ന പൗരനെ കബളിപ്പിച്ച് ഇവർ ലക്ഷങ്ങൾ തട്ടിയത്.
കഴിഞ്ഞ മാസം നാസിക് പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ മുതിർന്ന പൗരനെ ബന്ധപ്പെട്ടത്. തുടർന്ന് വാട്ട്‌സ്ആപ്പ് കോളുകളും വീഡിയോ കോളുകളും ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. അജ്ഞാത ബാങ്ക് അക്കൗണ്ടുകളിലേക്ക് 50,50,900 രൂപ ട്രാൻസ്ഫർ ചെയ്യാനും നിർദ്ദേശിച്ചു.
ബാങ്ക് അക്കൗണ്ട് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് തട്ടിപ്പുകാരെ പിടികൂടിയത്. ഇതേ ബാങ്ക് അക്കൗണ്ട് നമ്പറിൽ ഇന്ത്യയിലുടനീളം സമാനമായ ഏഴ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ സീലുകൾ, എഫ്‌ഐആർ പകർപ്പുകൾ, ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) നിന്നുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ തിരിച്ചറിയൽ കാർഡ് എന്നിവയുൾപ്പെടെയുള്ള വ്യാജ രേഖകളും ഇവരിൽ നിന്ന് കണ്ടെത്തി.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ മുംബയ് സൈബർ പൊലീസ് നിർദ്ദേശിച്ചു. പൊലീസ്, സിബിഐ, ഇഡി, ആർബിഐ തുടങ്ങിയ ഒരു സർക്കാർ ഏജൻസിയും ഡിജിറ്റൽ അറസ്റ്റ് ചെയുന്നില്ല. കൂടാതെ ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റിന് നിയമപരമായ വ്യവസ്ഥയില്ല. അജ്ഞാത വ്യക്തികളിൽ നിന്ന് ഒരിക്കലും വീഡിയോ കോളുകൾ സ്വീകരിക്കരുതെന്നും അത്തരം കോളുകൾ ലഭിക്കുകയാണെങ്കിൽ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ ഹെൽപ്പ്‌ലൈനിലോ റിപ്പോർട്ട് ചെയ്യണമെന്നും മുംബൈ സൈബർ പൊലീസ് കൂട്ടിചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |