
അമേരിക്ക: കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ വീടിന് പുറത്ത് 68 കാരനായ ഇന്ത്യൻ വംശജൻ വെടിയേറ്ര് മരിച്ചു. കാനഡയിൽ സ്ഥിരതാമസമാക്കിയ ദർശൻ സിംഗ് സാഹ്സി എന്ന ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തു.
കൊല്ലപ്പെട്ട സാഹ്സി, ഒരു വലിയ മയക്കുമരുന്ന് സംഘവുമായി ഇടപാടിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഘം പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. സാഹ്സി തന്റെ വാഹനത്തിനരികിൽ എത്തുന്നതുവരെ കൊലപാതകി അവിടെ കാത്തുനിന്നതായി കനേഡിയൻ പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ ഉടൻ അയാൾ തന്റെ വാഹനത്തിൽ കയറി രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
പഞ്ചാബിലെ ലുധിയാനയിലെ രാജ്ഗഡ് ഗ്രാമത്തിൽ നിന്നുള്ളയാളാണ് കൊല്ലപ്പെട്ട സാഹ്‌സി. 1991-ലാണ് അയാൾ കാനഡയിലെ വാൻകൂവറിലേക്ക് താമസം മാറിയത്. ആദ്യ കാലത്ത് ചെറിയ ജോലികൾ ചെയ്തിരുന്ന സാഹ്സി പിന്നീട് കാനം ഇന്റർനാഷണലിന്റെ നഷ്ടത്തിലായ ടെക്‌സ്‌റ്റൈൽ റീസൈക്ളിംഗ് യൂണിറ്റുകൾ വാങ്ങുകയായിരുന്നു. പിന്നീട് അതിനെ ഒരു ആഗോള കമ്പനിയാക്കി വളർത്തിയെടുക്കാനും അയാൾക്ക് കഴിഞ്ഞു.
ഗുജറാത്തിലെ കാണ്ട്‌ലയിൽ ഒരു പ്ലാന്റും ഹരിയാനയിലെ പാനിപ്പത്തിൽ റീസൈക്ളിംഗ് സൗകര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹത്തിന്, പഞ്ചാബി സാഹിത്യ-സാംസ്കാരിക രംഗവുമായും ബന്ധമുണ്ട്. 2012 മുതൽ ലുധിയാനയിലെ പഞ്ചാബി സാഹിത്യ അക്കാദമിയുടെ രക്ഷാധികാരിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |