
കണ്ണൂർ: അരവഞ്ചാലിലെ ശിവദത്തെന്ന വീട്ടിന്റെ മുറ്റത്തെത്തിയാൽ നേരിയ മൂളൽ കേൾക്കാം.നാൽപതു വർഷമായി ആ മൂളലിനെ സംഗീതം പോലെ ആസ്വദിക്കുന്ന കെ.എം.ശങ്കരൻകുട്ടിയെന്ന മുൻ ഖാദിബോർഡ് ജീവനക്കാരനെ പരിചയപ്പെടാം. തേനീച്ചകൃഷിയുടെ വിപുലമായ സാദ്ധ്യത അടുത്തറിയാം. ലോകത്തെമ്പാടുമുള്ള തേനീച്ചകർഷകരുടെ ഇടയിൽ പ്രചുരപ്രചാരം നേടിയ ഇറ്റാലിയൻ തേനീച്ചകളെ എങ്ങനെ ലാഭകരമായി വളർത്താമെന്നും പഠിക്കാം.
അരവഞ്ചാലിലെ വീട്ടുമുറ്റത്തും മാതമംഗലത്തെ കൃഷിയിടത്തിലുമായി വിപുലമായാണ് ശങ്കരൻകുട്ടിയുടെ തേനീച്ചക്കൃഷി. വർഷത്തിൽ ഒന്നര ടൺ തേനും 700 കിലോ ചെറുതേനുമാണ് ഖാദിബോർഡിനും വിവിധ ഔഷധക്കമ്പനികൾക്കും മറ്റുമായി നൽകുന്നത്. ഖാദിബോർഡിൽ ബീ കീപ്പിംഗ് ഫീൽഡ് മാനായി ജോലി ചെയ്യുന്ന കാലത്തും ഇദ്ദേഹം തേനീച്ച കൃഷി നന്നായി നടത്തിയിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊരു കൃഷിയാണെന്ന് ശങ്കരൻകുട്ടി സമ്മതിച്ചുതരില്ല. അദ്ദേഹത്തിനിത് തേനീച്ചകൾക്കൊപ്പമുള്ള ജീവിതമാണ്. ലോകമാകെ തേനീച്ചക്കൃഷിയിൽ പ്രചാരമുള്ള ഇറ്റാലിയൻ തേനീച്ചകളെ വളർത്തുന്നതിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇദ്ദേഹമിപ്പോൾ. ഉത്തരേന്ത്യയിൽ പ്രചുരപ്രചാരമുള്ള ഇറ്റാലിയൻ തേനീച്ച വളർത്തൽ ഈ കാലാവസ്ഥയിൽ ഇത് എങ്ങനെ പെരുമാറുന്നുവെന്ന് മനസ്സിലാക്കണമെന്ന് ഇദ്ദേഹം വിശദീകരിക്കുന്നു.
ദേശാടന പക്ഷികൾ ഇറ്റാലിയൻ തേനീച്ചകളെ ഇരകളാക്കുമെന്നതിനാൽ സീസണുകളിൽ ശങ്കരൻകുട്ടി ഗുണ്ടൽപേട്ടിലും മഹാരാഷ്ട്രയിലുമുള്ള തന്റെ കൃഷിയിടങ്ങളിലേക്ക് മാറ്റുകയാണ് പതിവ്.
നാടൻ പെട്ടിയിൽ നിന്ന് പത്ത് കിലോ തേൻ ലഭിക്കുമ്പോൾ ഇറ്റാലിയൻ തേനീച്ചകളുടെ പെട്ടിയിൽ നിന്ന് എൺപതു കിലോ വരെ ലഭിക്കുമെന്ന് ശങ്കരൻകുട്ടി വിശദീകരിക്കുന്നു.കുത്താനുള്ള പ്രവണത കുറവുള്ള ഈ ഇനത്തിൽ നിന്നുള്ള തേനീന് കൊഴുപ്പ് അധികമാണ്. നാടൻ തേനീൽ 24 ശതമാനം ജലാംശമുള്ളപ്പോൾ ഇറ്റാലിയൻ ഇനത്തിൽ നിന്നുള്ള തേനീൽ ഇത് പതിനെട്ട് ശതമാനത്തിൽ കുറവാണ്. .തേനീച്ച വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ ശങ്കരൻകുട്ടി എപ്പോഴും തയ്യാറാണ്. ഭാര്യ പി.എം.മഞ്ജുളയും തേനീച്ചകൃഷിയിൽ സജീവ പങ്കാളിയാണ്.
'തേനീച്ച വേലി കെട്ടി ആനകളെ ഒഴിവാക്കു"
വനാതിർത്തിയിലെ കാട്ടാനശല്യം ഒഴിവാക്കാൻ തേനീച്ചവേലി നിർമ്മിക്കുന്നതിന്റെ സാദ്ധ്യതയും ഈ കർഷകൻ പങ്കുവെക്കുന്നു. കരയിലെ ഏറ്റവും വലിയ ജീവിക്ക് കുഞ്ഞൻ തേനീച്ചകൾ ഏറ്റവും ഭയമുള്ള ജീവികളായതിനാൽ ഇതിന് ശാസ്ത്രീയ അടിത്തറയുമുണ്ട്.ആനകൾ വരുന്ന പാതയിൽ സ്ഥാപിക്കുന്ന തേനീച്ചക്കൂടുകൾ നൂൽക്കമ്പി ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചാണ് കെണി ഒരുക്കുന്നത്. ആന കമ്പിയിൽ തൊട്ടാൽ കൂട് ഇളകും. തേനീച്ചകളുടെ മൂളൽ കേട്ടാൽ ആനകൾ പറപറക്കുമെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. വൈദ്യുതിവേലി ചിലവേറിയതും ആനകൾക്കും പരിക്കേൽക്കാൻ സാദ്ധ്യതയുള്ളതുമായതിനാൽ ഈ മാർഗം പരീക്ഷിക്കാം. തേനിൽ നിന്ന് കർഷകർക്ക് വരുമാനം ലഭിക്കുമെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കെനിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ വിജയകരമായി പരീക്ഷിച്ച് വിജയിച്ച രീതിയാണിതെന്നും ശങ്കരൻകുട്ടി അവകാശപ്പെടുന്നു.
തേനീച്ച വേലി പ്രകൃതിയും മനുഷ്യനും വന്യജീവികളും ഒരുമിച്ച് ജീവിക്കാനുള്ള മാർഗമാണ്'
ശങ്കരൻകുട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |