പനങ്ങാട് എച്ച്.എസ്.എസ് സ്കൂളുൾ ഒന്നാമത്
തൃശൂർ: ചാവക്കാടും ഗുരുവായൂരിലും നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ ചാലക്കുടി ഉപജില്ല ജേതാക്കൾ. 1243 പോയന്റ് നേടിയാണ് ചാലക്കുടി കിരീടം നേടിയത്. 1218 പോയന്റുമായി ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും 1211 പോയന്റുമായി തൃശൂർ ഈസ്റ്റ് മൂന്നാം സ്ഥാനവും നേടി. സ്കൂൾ വിഭാഗത്തിൽ 352 പോയന്റ് നേടി പനങ്ങാട് എച്ച്.എസ്.എസും ജേതാക്കളായി. 306 പോയന്റുകൾ വീതം നേടി
എസ്.എൻ.സി.ജി.എച്ച്.എസ്.എസ് ചാലക്കുടിയും എൽ.എഫ്. സി.ജി,എച്ച്.എസ്.എസ് മമ്മിയൂർ രണ്ടാം സ്ഥാനം പങ്കിട്ടു. 283 പോയിന്റുള്ള എച്ച്.എസ്.ചെന്ത്രാപ്പിന്നിയാണ് മൂന്നാം സ്ഥാനത്ത്. സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം.ബാലകൃഷ്ണൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സ്വീകരണ കമ്മിറ്റി ജോയിൻ കൺവീനർ പി.എസ്. ഷൈജു സംസാരിച്ചു. കെ.കെ.മുബാറക് , സായിനാഥൻ, രോഹിത് നന്ദകുമാർ.കെ.എസ്, എ.മൊയ്തീൻ,സിസ്റ്റർ റീന ജേക്കബ് സംസാരിച്ചു.
തിരമാലയിൽ നിന്ന് വൈദ്യുതി
തൃശൂർ: തിരമാലയിൽ നിന്ന് വൈദ്യുതി നിർമ്മിച്ച് പുത്തൻപീടിക സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർഥിനികളായ മെഹ്നാസ് മുസ്തഫയും ലിബ ജിബിനും. തിരമാല ശക്തമായി അടിക്കുന്നയിടങ്ങളിൽ ഫ്ളോട്ടിംഗ് വേവ് എനർജി പ്ലാന്റ് സ്ഥാപിക്കുന്നതാണ് പദ്ധതി. പ്ലാന്റിൽ നിന്ന് കടലിൽ പൊങ്ങി കിടക്കുന്ന ഫ്ളോട്ടർ ലിവർ ആം എന്ന ഉപകരണവും സ്ഥാപിക്കണം. തിരമാല ഉയർന്ന് താഴുന്നതിനനുസരിച്ച് ഫ്ളോട്ടർ ലിവർ ആം ഉയരുകയും താഴുകയും ചെയ്യും. ഇതുമൂലം സെക്കൻഡ് ആംമിൽ ഘടിപ്പിച്ചിരിക്കുന്ന കോപ്പർ മഗ്നൈറ്റുകൾക്ക് നടുവിലേക്ക് താഴുകയും ഉടനടി പൊങ്ങുകയും ചെയ്യും. ഇതിന്റെ മർദ്ദത്തിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കും.
ഹയർസെക്കൻഡറി വിഭാഗം വർക്കിംഗ് മോഡൽ മത്സരത്തിലാണ് ഇവർ പുത്തൻ രീതി ആവിഷ്കരിച്ചത്.
നഴ്സുമാർക്ക് ആശ്വാസമായി' മെഡിബോട്ട് '
ചാവക്കാട് : ജോലിഭാരം മൂലം വലയുന്ന നഴ്സുമാർക്ക് ആശ്വാസമായി ' മെഡിബോട്ട് '. ഹയർസെക്കൻഡറി വിഭാഗം വർക്കിംഗ് മോഡൽ മത്സരത്തിൽ മാള സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിലെ ഗോഡ്സൺ സജിയും എയ്ഡൺ ഡിന്റോയുമാണ് മെഡി റോബോ, സ്മാർട്ട് ഗ്ലൗസ്, ഐ.വി മോണറ്ററിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടെയുള്ള മെഡിബോട്ട് നിർമ്മിച്ച് ഒന്നാം സ്ഥാനം നേടിയത്.
മെഡിറോബോയാണ് പ്രധാനി. യഥേഷ്ടം സഞ്ചരിക്കാനും രോഗിക്കാവശ്യമുള്ള സാധനങ്ങളെത്തിക്കാനും കഴിയും. യുവി ലൈറ്റ് ഉപയോഗിച്ച് വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കാം. റോബോയുടെ കണ്ണ് വെബ് ക്യാമാണ്. ഇതിലൂടെ നേഴ്സുമാർക്ക് മൊബൈൽ സ്ക്രീനിലൂടെ കാണാനാകും. സ്മാർട്ട് ഗ്ലൗസ് ധരിപ്പിക്കുന്നതിലൂടെ രോഗിയുടെ ഹൃദയ സ്പന്ദന നിരക്ക്, താപനില, പെട്ടെന്നുണ്ടാകുന്ന സമ്മർദ്ദങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |