
തിരുവനന്തപുരം: ഹൃദ്രോഗികൾ മരിച്ചാൽ പേസ്‌മേക്കർ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റാതെ മൃതദേഹം ദഹിപ്പിക്കുന്നത് അപകടത്തിന് കാരണമാകും. പേസ്‌മേക്കറിലെ ബാറ്ററി പൊട്ടാനുള്ള സാദ്ധ്യത കൂടുതലാണ്. പൊട്ടിയാൽ ബാറ്ററിയെ പൊതിഞ്ഞിരിക്കുന്ന സ്റ്റീൽ ആവരണം ചീളുകളായി ചിതറും. ഇതാണ് അപകടത്തിലേക്ക് നയിക്കുന്നതെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ടെക്‌നോളജിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.എസ്.ഹരികൃഷ്ണൻ പറഞ്ഞു. അടുത്തിടെ പള്ളിപ്പുറത്ത് സംസ്കാരത്തിനിടെ പേസ്‌മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.
10 വർഷം വരെ കാലാവധിയുള്ള പേസ്‌മേക്കറിൽ ബാറ്ററിയാണ് പ്രധാനഘടകം. സാധാരണ മൂന്ന് സെന്റീമീറ്റർ വീതം നീളവും വീതിയുമാണ് ഇതിനുള്ളത്. ചിലഘട്ടങ്ങളിൽ ബാറ്ററി ശക്തിയായി പൊട്ടിയാൽ സ്റ്റീൽ ചീളുകൾ ഏറെ ദൂരത്തേക്ക് തെറിക്കാനും ശരീരത്തിൽ തുളച്ചുകയാറാനും ഇടയാകും. മരണാനന്തരം ഏത് ആശുപത്രിയിൽ കൊണ്ടുപോയാലും നെഞ്ചിനുള്ളിലെ പേസ്‌മേക്കർ പുറത്തെടുക്കാം. മൃതദേഹങ്ങൾ വീട്ടുവളപ്പിൽ വിറക് കൂട്ടി ദഹിപ്പിക്കുമ്പോഴാണ് അപകടസാദ്ധ്യത കൂടുതൽ. ഇലക്ട്രിക് ശ്‌മശാനങ്ങളിലും മറ്റും ഇത് പുറത്തറിയാറില്ല. എന്നാലും പേസ്‌മേക്കർ പുറത്തെടുക്കുന്നതാണ് നല്ലത്. ദഹിപ്പിക്കൽ ഒഴികെയുള്ള സംസ്കാരചടങ്ങുകൾക്ക് പേസ്‌മേക്കർ പ്രശ്നമാവില്ല.
ഹൃദയ സ്‌പന്ദനമറിയും
ഹൃദയമിടിപ്പ് കുറയുമ്പോൾ സാധാരണനിലയിൽ നിലനിറുത്താൻ ഉപയോഗിക്കുന്ന ഉപകരണമാണിത്. തോളിന്റെ തൊട്ട് താഴെയായി ചെറിയൊരു മുറിവുണ്ടാക്കി അതിനുള്ളിലാണ് പേസ്‌മേക്കർ സ്ഥാപിക്കുന്നത്. ഇത് ഹൃദയമിടിപ്പ് തുടർച്ചയായി നിരീക്ഷിക്കുകയും ഹൃദയമിടിപ്പ് കുറയുമ്പോൾ വൈദ്യുതോർജ്ജം നൽകി സാധാരണഗതിയിലേക്ക് എത്തിക്കുകയും ചെയ്യും. ഹൃദയം സാധാരണ നിലയിലാകുമ്പോൾ,പേസ്‌മേക്കർ നിഷ്‌ക്രിയമായി തുടരും.
പേസ്‌മേക്കർ എപ്പോൾ ?
ഹൃദയം മിനിട്ടിൽ 70 മുതൽ 90 തവണ സ്പന്ദിക്കും. ചില സന്ദർഭങ്ങളിൽ ഹൃദയമിടിപ്പ് മിനിട്ടിൽ 20 മുതൽ 40 തവണ വരെയായി കുറയും. ശരീരത്തിനു ആവശ്യമായ രക്തം പമ്പ് ചെയ്യാൻ സാധിക്കാതെ വരും. ക്രമരഹിതമായ ഹൃദയമിടിപ്പ്,ക്ഷീണം,തളർച്ച,ബോധക്ഷയം എന്നിവയുണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിലാണ് പേസ്‌മേക്കറുകൾ വയ്‌ക്കേണ്ടിവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |