
മനുഷ്യൻ ഏറ്റവും അധികം പേടിക്കുന്ന ജീവികളാണ് പാമ്പുകൾ. അവയുടെ സാന്നിദ്ധ്യം പെട്ടെന്ന് തിരിച്ചറിയാനാത്തതും അവ ആക്രമിക്കാൻ വന്നാൽ എങ്ങനെ പ്രതിരോധിക്കണമെന്നറിയാത്തതും ആ പേടിക്ക് പ്രധാന കാരണമാണ്. അങ്ങനെയുള്ളപ്പോൾ വീട്ടിലേക്ക് പാമ്പ് വരാതെ പ്രതിരോധിക്കുന്നതാണ് ഏറ്റവും നല്ലത്. ഇടയ്‌ക്കിടയ്ക്ക് നമ്മുടെ വീട്ടിൽ പാമ്പ് വരാറുണ്ടെങ്കിൽ നമ്മുടെ വീട്ടിലും പരിസരങ്ങളിലും പാമ്പിന് അനുയോജ്യമായ സാഹചര്യങ്ങളാണെന്ന് വേണം മനസിലാക്കാൻ. അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഭക്ഷണാവശിഷ്ടങ്ങൾ കൂട്ടിയിടരുത്
വീട്ടിൽ ബാക്കി വരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിയുമ്പോൾ ആ ഭാഗങ്ങളിൽ എലി പോലുള്ള ജീവികളുടെ സാന്നിദ്ധ്യം ധാരാളമായുണ്ടാകുന്നു. ഇവയെ കഴിക്കുന്നതിനായി ആ ഭാഗത്തേക്ക് പാമ്പ് എത്താനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ ബാക്കി വരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിയാതെ കൃത്യമായി സംസ്‌കരിക്കുക. ഇത് ദുർഗന്ധം ഒഴിവാക്കുകയും പാമ്പ് വരാനുള്ള സാദ്ധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.
ചവറുകൂനകൾ
പാമ്പുകൾക്ക് ഇരുണ്ട നിറമായതിനാൽ കൂടികിടക്കുന്ന കരിയിലയ്ക്കിടയിൽ അവ കിടന്നാൽ പെട്ടെന്ന് തിരിച്ചറിയാനാകില്ല. ചവറുകൂടി കിടക്കുന്ന ഇടങ്ങളിൽ ഈർപ്പം തങ്ങി നിൽക്കുന്നു. ഈ സാഹചര്യങ്ങളിൽ കഴിയുന്ന ജീവികളെ ആഹാരമാക്കാനാണ് പ്രധാനമായും പാമ്പുകൾ എത്തുന്നത്. മറ്റുള്ളവരുടെ കണ്ണിൽ പെടാതെ പതുങ്ങിയിരിക്കാനും ചവറുകൂനകൾ സഹായിക്കുന്നു. അതിനാൽ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതാണ് നല്ലത്.
ചെടികളും സൂക്ഷിക്കണം
ചെടികൾ വീടിന്റെ സൗന്ദര്യത്തിന് പ്രധാനമാണ്. എന്നാൽ അവ കൃത്യമായി വെട്ടിയൊതുക്കാത്ത സാഹചര്യങ്ങളിൽ ചെടിച്ചട്ടികളിലും ചെടിയുടെ ഭാഗങ്ങളിലും പാമ്പുകൾ പതുങ്ങിയിരിക്കാനുള്ള സാഹചര്യമുണ്ട്. കൂടാതെ മുല്ല, ജമന്തി പോലുള്ള ചെടികളുടെ രൂക്ഷ ഗന്ധം പാമ്പിനെ ആകർഷിക്കുമെന്നും പറയപ്പെടുന്നു. വീട്ടിൽ മുള്ളുചെടികൾ വച്ചുപിടിപ്പിക്കുന്നതും പാമ്പ് വരുന്നത് തടയും.
എലിയും തവളയും വരാതെ നോക്കണം
വെള്ളം കെട്ടികിടക്കുന്ന മലിനമായ സാഹചര്യത്തിൽ കൊതുകിന്റെ സാന്നിദ്ധ്യം വലിയ രീതിയിൽ ഉണ്ടാകുന്നു. ഇവയെ കഴിക്കാനായും തവളകളും മറ്റ് ജീവികളും എത്തുന്നു. അവയെ കഴിക്കാനായി പാമ്പും എത്തുന്നു. അതിനാൽ ഇത്തരം ജീവികൾ വരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ പാമ്പുകൾക്കും അനുയോജ്യമായി മാറുന്നു.
ചെറിയ പൊത്തുകൾ അടയ്‌ക്കുക
വീട്ടിലും പരിസരങ്ങളിലും ചെറിയ പൊത്തുകൾ പോലെ പാമ്പുകൾക്ക് കയറി ഇരിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഈ ആ ഭാഗം എത്രയും വേഗം നന്നാക്കിയെടുക്കുക. ഇത്തരം ഭാഗങ്ങളിൽ ചെറിയ പാമ്പിൻ കുഞ്ഞുങ്ങൾ കയറിയിരുന്നാൽ പെട്ടെന്ന് അറിയാൻ കഴിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |