
ഫ്രഷ് കട്ട്; കർശന ഉപാധികളോടെ പ്ലാന്റിന് പ്രവർത്തനാനുമതി
കോഴിക്കോട്: സംഘർഷത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കർശന ഉപാധികളോടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിസ്ട്രിക്ട് ലെവൽ ഫെസിലിറ്റേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ഡി.എൽ.എഫ്.എം.സി)യുടേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ പ്രതിനിധികൾ പ്ലാന്റിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിനെ തുടർന്നാണിത്. പൊലീസ് റെയിഡുകൾ താത്ക്കാലികമായി അവസാനിപ്പിക്കും.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌ക്കരണം 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുർഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതൽ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കും. പഴകിയ അറവ് മാലിന്യങ്ങൾ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂർണമായി നിർത്തിവയ്ക്കുകയും പുതിയ മാലിന്യങ്ങൾ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണം. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങൾ അധികൃതർക്ക് കൈമാറണം. സംസ്‌കരണ കേന്ദ്രത്തിലെ മലിനജല സംസ്‌ക്കരണ പ്ലാന്റായ ഇ.ടി.പിയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഇ.ടി.പിയിലെ വെള്ളം ആഴ്ചയിലൊരിക്കൽ എൻ.ഐ.ടിയിൽ പരിശോധന നടത്തും.
നിരീക്ഷണം ശക്തമാക്കും
ദുർഗന്ധം പരമാവധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയിന്റിഫിക്ക് ആന്റ് ഇൻഡസ്ട്രിയൽ റിസേർച്ചിന്റെ (എൻ.ഐ.ഐ.എസ്.ടി) സഹായത്തോടെ പഠനം നടത്തി നടപടികൾ കൈക്കൊള്ളും.
മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ പ്രതിനിധികൾ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കും. നിബന്ധനകൾ കർശനമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ പ്ലാന്റിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ, റൂറൽ എസ്പി ഇ.കെ ബൈജു, ഇ.ടി രാകേഷ്, വി.വി റമീന, ബൈജു ജോസ്, ജി പ്രവീൺ കുമാർ, ജി.എസ് അർജുൻ, ഫ്രഷ് കട്ട് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സമരം ഇങ്ങനെ
കോഴി മാലിന്യപ്രശ്നം പരിഹരിക്കാൻ വേണ്ടിയുള്ള ചർച്ച ഒന്നാം പിണറായി സർക്കാർ ആരംഭം
കട്ടിപ്പാറ പഞ്ചായത്തിൽ ഫ്രഷ് കട്ട് സ്ഥലം കണ്ടെത്തി പ്ലാന്റ് നിർമ്മാണം
30 ടൺ സംസ്കരണ ശേഷി മാത്രമുള്ള ഫാക്ടറിയുടെ ഉദ്ഘാടനം 2019-ൽ
ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധം, സമര സംഘടനകൾ രൂപപ്പെടുന്നു.
ഫാക്ടറിയെച്ചൊല്ലി പരാതി, ജില്ലാ ആസ്ഥാനത്തുൾപ്പെടെ പ്രതിഷേധം
ഒക്ടോബർ 21ന് രാപ്പകൽ സമരം തുടങ്ങി
സംഘർഷം വ്യാപിച്ചു - ഫാക്ടറി കത്തിക്കുന്നു, കല്ലേറ്
സമരം തുടരുമെന്ന്
താമരശ്ശേരി: ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ജനങ്ങൾ ഉയർത്തിയ ആശങ്കകൾക്ക് ഇന്നത്തെ ഡി.എൽ.എഫ്.എം.സി തീരുമാനം പരിഹാരമല്ലെന്ന് സമരസമിതി. ഇന്നലെയെടുത്ത തീരുമാനങ്ങൾ മുമ്പ് പല തവണ പറഞ്ഞതാണ്. എന്നാൽ ഫാക്ടറി മാനേജ്മെൻ്റ് നടപ്പിലാക്കാറില്ല. അതുകൊണ്ടു തന്നെ ഫാക്ടറി അടച്ചു പൂട്ടുന്നതു വരെ സമരം തുടരുമെന്ന് ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു.
ഫ്രഷ് കട്ട്: ഒരാൾ കൂടി പിടിയിൽ
താമരശ്ശരി: ഫ്രഷ് കട്ട് കോഴിയറവു മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ സമരത്തിൽ പങ്കെടുത്ത ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടത്തായ് കരിങ്ങാംപൊയിൽ കെ.പി നിയാസ് അഹമ്മദിനെയാണ് കൂടത്തായിയിൽ വെച്ച് താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം 14 ആയി. അതേസമയം പൊലീസ് റെയ്ഡിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ജനകീയ സമരത്തിൻ്റെ പേരിൽ കരിമ്പാലക്കുന്ന് പ്രദേശത്ത് വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാക്കമ്മിറ്റി താമരശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി സമരത്തെ തകർക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും കുട്ടികളെ പോലും ഭയപ്പെടുത്തുകയാണെന്നും പറഞ്ഞു. ജില്ല പ്രസിഡന്റ് ടി.കെ മാധവൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം അസ്ലം ചെറുവാടി, വുമൺ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, മുസ്തഫ പാലാഴി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |