
ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരി ശ്വേത സിംഗ് കീർത്തി വീണ്ടും രംഗത്ത്. അടുത്തിടെ മാദ്ധ്യമപ്രവർത്തകൻ ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തിലാണ് ശ്വേത ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയത്.
യുഎസിലും മുംബയിൽ നിന്നുമുള്ള രണ്ട് അതീന്ദ്രിയശക്തിയുള്ളവർ (സൈക്കിക്കുകൾ) തന്നോട് പറഞ്ഞത് രണ്ട് പേർ ചേർന്നാണ് സുഷാന്തിന്റെ കൊലപാതകം നടത്തിയതെന്നാണ്. 'എന്നെ സമീപിച്ചവരിൽ ഒരാൾ യുഎസിലെ സൈക്കിക്കായിരുന്നു. ഞാൻ ആരാണെന്നോ എന്റെ സഹോദരൻ ആരാണെന്നോ അവർക്ക് അറിയില്ല. അവർ അമേരിക്കക്കാരിയാണ്. അവർ പറയുന്നത്, 'അദ്ദഹത്തെ കൊലപ്പെടുത്തിയതാണ് രണ്ടുപേർ വന്നിരുന്നുവെന്നാണ്', ശ്വേത പറഞ്ഞു.
പിന്നീട് മുംബയിൽ നിന്നുള്ള സൈക്കിക് തന്നെ സമീപിക്കുകയും ആദ്യത്തെ സൈക്കിക് പറഞ്ഞ കാര്യങ്ങൾ അതേപടി ആവർത്തിക്കുകയായിരുന്നുവെന്നും സഹോദരി കൂട്ടിച്ചേർത്തു. 'ബോംബെയിലെ മറ്റൊരു സൈക്കിക് എന്നെ സമീപിച്ചു. അവരെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നിട്ടും അവർ ആദ്യത്തെയാൾ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു. ഇത് രണ്ടും എങ്ങനെ കണക്ടാകും? രണ്ടുപേർ വന്ന് കൊലപ്പെടുത്തിയെന്നാണ് ഇരുവരും പറഞ്ഞത്,' ശ്വേത കൂട്ടിച്ചേർത്തു.
സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന കാര്യത്തെ ശ്വേതയും ശക്തമായി ചോദ്യം ചെയ്തു. സാഹചര്യങ്ങൾ കണക്കിലെടുത്താൽ ആത്മഹത്യ അസാദ്ധ്യമാണെന്നാണ് ശ്വേത വാദിച്ചത്. 'ആത്മഹത്യ എങ്ങനെ സാദ്ധ്യമാകും? ഫാനും കട്ടിലും തമ്മിൽ ഒരാൾക്ക് കാൽ തൂക്കിയിടാൻ പോലുമുള്ള മതിയായ അകലം ഇല്ലായിരുന്നു. അവിടെ സ്ഥലമുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാൻ ഒരാൾ സ്റ്റൂൾ ഉപയോഗിക്കുമല്ലോ? എന്നാൽ അവിടെ സ്റ്റൂൾ പോലുള്ള ഒന്നും ഉണ്ടായിരുന്നില്ല. കൂടാതെ, സുശാന്തിന്റെ കഴുത്തിലെ പാട് ഷാളിന്റെ പാട് പോലെയല്ല. ഉപയോഗിച്ച വസ്ത്രത്തിന്റെ അടയാളമല്ല അത്. നേർത്ത ഒരു ചങ്ങലയുടെ അടയാളം പോലെയാണ്,' ശ്വേത സിംഗ് പറഞ്ഞു.
2020 ജൂണിലാണ് സുശാന്തിനെ മുംബയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുംബയ് പൊലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തുടങ്ങിയ നിരവധി ഏജൻസികൾ കേസ് അന്വേഷിച്ചു. മരണം ആത്മഹത്യയാണെന്നായിരുന്നു മുംബയ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുശാന്തിന്റെ മാതാപിതാക്കൾ സംശയമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് സുശാന്തിന്റെ സുഹൃത്തായിരുന്ന റിയയ്ക്കെതിരെ അന്വേഷണമുണ്ടായത്.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പിന്നാലെ അറസ്റ്റിലായ റിയ ചക്രവർത്തി 27 ദിവസം ജയിൽവാസവും അനുഭവിച്ചു. സുശാന്തിന്റെ മാനേജറായിരുന്ന ദിഷ സാലിയന്റെ മരണത്തിന് സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ താരത്തിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും സുഹൃത്തായിരുന്ന നടി റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും സിബിഐയുടെ അന്തിമ റിപ്പോർട്ടിൽ പറയുന്നു.
എല്ലാ ഏജൻസികളും കൊലപാതകത്തിന്റെ സാദ്ധ്യതകൾ തള്ളിക്കളഞ്ഞെങ്കിലും ആ കണ്ടെത്തലുകളൊന്നും തൃപ്തമല്ലെന്ന തരത്തിലാണ് ശ്വേതയുടെ പുതിയ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. റിയ ചക്രവർത്തിയോ മറ്റാരെങ്കിലുമോ സുശാന്തിനെ ഭീഷണിപ്പെടുത്തുകയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ ചെയ്തതിന് തെളിവില്ലെന്നും, സുശാന്ത് റിയയെ കുടുംബാംഗമായാണ് കണ്ടിരുന്നതെന്നും സിബിഐയുടെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സിബിഐയുടെ റിപ്പോർട്ട് സുശാന്തിന്റെ കുടുംബം തള്ളിക്കളയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |