
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ മന്ത്രിയായി അധികാരമേറ്റു. തെലങ്കാന ഗവർണർ ജിഷ്‌ണു ദേവ് വെർമ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏറെനാളായി ഒഴിവുണ്ടായിരുന്ന മന്ത്രിസഭയിലെ മുസ്ളീം പ്രാതിനിധ്യമാണ് അദ്ദേഹത്തിന്റെ വരവോടെ നികത്തപ്പെടുന്നത്. നവംബർ 11ന് ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കണക്കുകൂട്ടിയാണ് സർക്കാരിന്റെ ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. അസർ നിലവിൽ നിയമസഭാംഗം അല്ല.
ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ 30 ശതമാനത്തോളം മുസ്ളീം ജനവിഭാഗമാണുള്ളത്. അസറിന്റെ മന്ത്രിസഭാ പ്രവേശം പെരുമാറ്റചട്ട ലംഘനമാണെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് പരാതി അയച്ചു. ഔദ്യോഗിക അധികാരത്തിന്റെ ദുർവിനിയോഗമാണിതെന്നാണ് അവരുടെ വാദം. അതേസമയം സാമൂഹ്യനീതിയ്‌ക്ക് വേണ്ടിയാണ് തങ്ങളുടെ ഈ നീക്കമെന്ന് കോൺഗ്രസ് വാദിക്കുന്നു. 'ന്യൂനപക്ഷങ്ങൾക്ക് മന്ത്രിസഭാ പ്രാതിനിധ്യം നൽകാൻ കോൺഗ്രസ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.ആന്ധ്രാപ്രദേശിലെ മുൻ സർക്കാരിൽ പോലും ന്യൂനപക്ഷ മുഖം ഉൾപ്പെടുത്തിയിരുന്നു. ഏറെകാലമായി തെലങ്കാനയിലുണ്ടായിരുന്ന അസന്തുലിതാവസ്ഥ ഞങ്ങൾ തിരുത്തുകയാണ്' തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ മഹേഷ് ഗൗഡ് പറഞ്ഞു.
അസറുദ്ദീനെ ലജിസ്ളേറ്റീവ് കൗൺസിലിലേക്ക് അംഗമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. ആറ് മാസത്തിനകം അതിനാൽ അസറുദ്ദീന് നിയമസഭയിലേക്ക് വിജയിച്ച് എത്തിയേ മതിയാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |