
ക്രൂഡ് വില ഇടിഞ്ഞതോടെ ലാഭം 40 ഇരട്ടി വരെ ഉയർന്നു
കൊച്ചി: ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം കുതിച്ചുയർന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) എന്നിവയെല്ലാം ലാഭത്തിലും വിറ്റുവരവിലും മികച്ച നേട്ടമുണ്ടാക്കി. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം മുൻവർഷം ഇതേകാലയളവിനേക്കാൾ 4,128 ശതമാനം ഉയർന്ന് 7,610 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേകായളവിൽ കമ്പനി 169.58 കോടി രൂപ നഷ്ടം നേരിട്ടിരുന്നു. വരുമാനം ഇക്കാലയളവിൽ നാല് ശതമാനം ഉയർന്ന് 2.07 ലക്ഷം കോടി രൂപയിലെത്തി. അവലോകന കാലയളവിൽ റിഫൈനിംഗ് മാർജിൻ ബാരലിന് 6.32 ഡോളറായി ഉയർന്നതാണ് നേട്ടമായത്.
ബി.പി.സി.എല്ലിന്റെ അറ്റാദായം ഇക്കാലയളവിൽ168 ശതമാനം ഉയർന്ന് 6,442.5 കോടി രൂപയിലെത്തി. മുൻവർഷം അറ്റാദായം 2,397.23 കോടി രൂപയായിരുന്നു. വരുമാനം 3.1 ശതമാനം ഉയർന്ന് 1.22 ലക്ഷം കോടി രൂപയിലെത്തി. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം 507 ശതമാനം ഉയർന്ന് 3,830 കോടി രൂപയായി. വരുമാനം 0.82 ശതമാനം ഉയർന്ന് 1.01 ലക്ഷം കോടി രൂപയിലെത്തി.
റിഫൈനിംഗ് മാർജിനിൽ ലോട്ടറി
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂക്കുകുത്തിയതും റഷ്യയിൽ നിന്നും എണ്ണ ഡിസ്കൗണ്ടിൽ ലഭിച്ചതുമാണ് സെപ്തംബർ പാദത്തിൽ പൊതുമേഖല കമ്പനികൾക്ക് ലോട്ടറിയായത്. ദീർഘ കാലമായി ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താത്തതും നേട്ടമായി.
എൽ.പി.ജി നഷ്‌ടം നികത്താൻ കേന്ദ്ര സഹായം
ഗാർഹിക ഉപഭോക്താക്കൾക്ക് പാചക വാതകം ഉത്പാദന ചെലവിലും കുറഞ്ഞ വിലയിൽ വിൽക്കുന്നതിലുള്ള നഷ്‌ടം നികത്താൻ മൂന്ന് പൊതുമേഖല കമ്പനികൾക്കുമായി കേന്ദ്ര സർക്കാർ 14,486 കോടി രൂപ സബ്സിഡി നൽകും.
നിക്ഷേപകർക്ക് ഇടക്കാല ലാഭ വിഹിതം(ഓഹരി ഒന്നിന്)
ബി.പി.സി.എൽ- 7.5 രൂപ
എച്ച്.പി.സി.എൽ- 5 രൂപ
ജൂലായ്-സെപ്തംബർ കാലയളവിലെ പ്രകടനം
കമ്പനി : അറ്റാദായം: വർദ്ധന
ഐ.ഒ.സി 7,610 കോടി രൂപ: 4,128%
ബി.പി.സി.എൽ: 6,442.5 കോടി രൂപ: 168%
എച്ച്.പി.സി.എൽ:3,830 കോടി രൂപ: 506.5%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |