
കൊൽക്കത്ത: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനത്തിൽ വിലക്ക്. പശ്ചിമബംഗാളിലെ ഡാർജിലിംഗിലെ മഹാകൽ ക്ഷേത്രത്തിലാണ് സ്ത്രീകൾക്ക് മാത്രമായുള്ള പ്രത്യേക വിലക്ക്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് സ്ത്രീകൾ എത്തുന്നത് ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് ചേരുന്നതല്ലെന്ന് ചൂണ്ടികാണിച്ചാണ് ക്ഷേത്രത്തിന്റെ പുതിയ നടപടി.
എന്നാൽ , പുരുഷൻമാർ ഷോർട്സ് ധരിച്ചും ക്ഷേത്രത്തിൽ പ്രവേശിക്കാറുണ്ട്. മഹാകൽ മന്ദിർ പൂജാ കമ്മിറ്റി ആൻഡ് വെൽഫെയർ സൊസൈറ്റിയാണ് ക്ഷേത്രപ്രവേശനത്തിൽ വ്യത്യസ്തമായ വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള നിർദ്ദേശം പുറത്തിറക്കിയത്. ഭക്തരിൽ നിന്ന് പരാതികൾ ലഭിച്ചതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വിലക്കെന്ന് എംഎംപിഡബ്ല്യുസി പ്രസിഡന്റ് മേഘ്‌രാജ് റായ് പറഞ്ഞു. ക്ഷേത്രപരിസരങ്ങളിൽ വിലക്കിനെക്കുറിച്ചുള്ള ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഇറക്കം കുറഞ്ഞ വസ്ത്രം ഉള്ളവർക്ക് ഇറക്കം കൂടിയ പരമ്പരാഗത ഇന്ത്യൻ വേഷത്തിനുള്ള സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്. പരമ്പരാഗത ഇന്ത്യൻ വേഷങ്ങൾ 100 രൂപ സെക്യൂരിറ്റി തുകയിൽ വാടകയ്ക്ക് നൽകും. വസ്ത്രം തിരിച്ച് നൽകുമ്പോൾ 75രൂപയും തിരികെ കിട്ടും. അതേസമയം, പുരുഷൻമാർ ഷോർട്സ് ധരിച്ചെത്തുന്നതിൽ പ്രശ്നമില്ലാത്തയിടത്ത് സ്ത്രീകൾക്കെതിരെയുള്ള വിലക്കിൽ വിമർശനം ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |