 
                 
                 
            
മസ്‌കറ്റ്: ഒമാനിലേക്ക് വരുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പുതുക്കി കസ്റ്റംസ് അതോറിറ്റി. കര, സമുദ്ര, വ്യോമയാന അതിർത്തികൾ വഴി വരുന്നവർക്കുള്ള പുതിയ നിർദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. പണമോ മറ്റ് അമൂല്യ വസ്‌തുക്കളോ ഉണ്ടെങ്കിൽ അത് അധികൃതരെ അറിയിക്കുക. വെളിപ്പെടുത്തേണ്ട പരിധിയിൽ വരുന്ന വസ്‌തുക്കളുണ്ടെങ്കിൽ അത് പറയാൻ മടിക്കരുതെന്നും പുതിയ നിർദേശത്തിലുണ്ട്.
6,000 ഒമാനി റിയാൽ പണം, ചെക്കുകൾ, സെക്യൂരിറ്റികൾ, ഓഹരികൾ, പേയ്‌മെന്റ് ഓർഡറുകൾ, അമൂല്യ ലോഹങ്ങൾ, സ്വർണം, വജ്രം, അമൂല്യമായ കല്ലുകൾ, 6,000 റിയാലിന് തുല്യമായ കറൻസികൾ തുടങ്ങിയവ കൈവശം വച്ച് രാജ്യത്തിലേക്കോ പുറത്തേക്കോ പോകുന്ന യാത്രക്കാർ ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തണം. കസ്റ്റംസ് വെബ്‌സൈറ്റ് മുഖേന ഡിക്ലറേഷൻ നടത്താവുന്നതാണ്.
അജ്ഞാതരിൽ നിന്ന് ബാഗോ ലഗേജോ സ്വീകരിക്കരുത്, വ്യക്തിഗത ഉപയോഗത്തിനുള്ള വീഡിയോ ക്യാമറ, സംഗീതോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടിവിയും റിസീവറും, ബേബി സ്‌ട്രോളറുകൾ, ഭിന്നശേഷിക്കാരുടെ കസേരകളും സ്‌ട്രോളറുകളും, കമ്പ്യൂട്ടര്‍, മൊബൈല്‍ പ്രിന്ററുകള്‍, തുണികളും വ്യക്തിഗത വസ്‌തുക്കൾ, വ്യക്തിഗത ആഭരണങ്ങള്‍, വ്യക്തിഗത സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മരുന്നുകൾ, മെഡിക്കൽ മെഷീനുകൾ, ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, വളങ്ങൾ, കീടനാശിനികൾ, പ്രസിദ്ധീകരണങ്ങൾ, മാദ്ധ്യമ വസ്‌തുക്കൾ, എംഎജി ട്രാൻസ്‌മിറ്ററുകൾ, ഡ്രോണുകൾ പോലുള്ള വയർലസ് ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ എന്നിവ കൊണ്ടുവരുന്നതിനും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അംഗീകാരം നേടണം. നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ വസ്‌തുക്കൾ മറ്റ് യാത്രക്കാരുടെ കൈവശം കണ്ടാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.
ആയുധങ്ങൾ, ലഹരിവസ്‌തുക്കൾ, സ്‌ഫോടക വസ്‌തുക്കൾ, ആയുധങ്ങളുടെ ആകൃതിയിലുള്ള കളിപ്പാട്ടങ്ങൾ, സൈനിക യൂണിഫോമിന് സമാനമായ വസ്‌ത്രങ്ങൾ, ആനക്കൊമ്പ് എന്നിവ ഏകീകൃത കസ്റ്റംസ് നിയമം അനുസരിച്ച് കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചിട്ടുള്ള വസ്‌തുക്കളാണ്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ഒടുക്കേണ്ടിവരും. തെറ്റായ വിവരങ്ങൾ നൽകിയാൽ മൂന്ന് വർഷം വരെ തടവും 10,000 റിയാൽ പിഴയും ശിക്ഷ ലഭിച്ചേക്കാം.
| 
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |