തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും മകൻ ബിനീഷ് കോടിയേരിക്കെതിരെയും പാല ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച മാണി സി.കാപ്പൻ സി.ബി.ഐക്ക് നൽകിയ മൊഴിയുടെ രേഖ ആർ.എസ്.എപി നേതാവ് ഷിബു ബേബി ജോൺ പുറത്തുവിട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോൺ ഇക്കാര്യം പുറത്തുവിട്ടത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടു കോടിയേരിക്കും മകനും മുംബയ് മലയാളി ദിനേശ് മേനോൻ പണം നൽകിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ മൊഴിയുടെ പകർപ്പാണ് ഷിബു ബേബി ജോൺ പുറത്തുവിട്ടത്. അതേസമയം, അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വിഷയം സി.പി.എമ്മിന് തലവേദനയാകുമെന്ന കാര്യത്തിൽ സംശയമില്ല.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി നൽകിയിരുന്നു.!
സിബിഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ മാണി സി കാപ്പൻ പറയുന്നത് -
"കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണം, ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയതിന് ശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത്"
- ഈ വിഷയത്തിൽ ഉൾപ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പൻ സിബിഐക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നു.!
ഇനി അറിയാൻ താൽപര്യം, ഇപ്പോൾ എൽഡിഎഫ് എംഎൽഎയായ മാണി സി കാപ്പൻ, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമർശിച്ച് സിബിഐക്ക് എഴുതിനൽകിയ ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ?
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നൽകിയ മാണി സി കാപ്പൻ ഇപ്പോൾ ഇടതുമുന്നണിയുടെ എംഎൽഎയാണ്. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |