
കോട്ടയം: കേരളത്തിലെത്തിയ ജർമ്മൻ വ്ലോഗറെടുത്ത വീഡിയോയിലെ ചങ്ങനാശേരിയിലെ മാലിന്യപ്രശ്നത്തിൽ പ്രതികരണവുമായി ജോബ് മൈക്കിൾ എംഎൽഎയും നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരനും. ദിവസങ്ങൾക്ക് മുൻപ് മൂന്നാറിലേക്കുപോകാനുളള അലച്ചിലിനിടയിലാണ് വ്ലോഗറായ അലക്സാണ്ടർ വെൽഡർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ദുരവസ്ഥ നിറഞ്ഞ ദൃശ്യങ്ങൾ പകർത്തിയത്. ഇതിനുപിന്നാലെ വിവിധ തരത്തിലുളള മോശം പ്രതികരണങ്ങളാണ് ഭരണകൂടത്തിന് ലഭിച്ചത്.
ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. അത്യാധുനിക സൗകര്യമുള്ള സ്റ്റാൻഡാണ് വരുന്നത്. അന്ന് വ്ലോഗർ എത്തിയാൽ ചങ്ങനാശേരിയിലെ മാറ്റം കണ്ട് അത്ഭുതപ്പെടും. മാലിന്യം വലിച്ചെറിയൽ സംസ്കാരം ജനം ഉപേക്ഷിക്കണം. മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ കനത്ത പിഴ ചുമത്തണമെന്നും ജോബ് മൈക്കിൾ എംഎൽഎ പ്രതികരിച്ചു. നഗരസഭാപരിധിയിലെ മാലിന്യം നീക്കി പരിസരം വൃത്തിയാക്കുന്നുണ്ട്. വൃത്തിയാക്കുന്തോറും ആളുകൾ മാലിന്യം തള്ളുകയാണ്. പലരും വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിച്ചിട്ടില്ല. ജനങ്ങളുടെ സഹകരണമുണ്ടായാൽ നാട് സുന്ദരമാകുമെന്ന് ചങ്ങനാശേരി നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ കൂട്ടിച്ചേർത്തു.
വീഡിയോ പുറത്തുവന്നതോടെ മലയാളികൾ അലക്സാണ്ടറിനോട് ക്ഷമ നിറഞ്ഞ കമന്റുകളുമായി എത്തിയിരുന്നു.മാലിന്യം ഇട്ടത് ലോകം മുഴുവൻ കാണുന്നുണ്ട് കേട്ടോ മലയാളികളേ, ലോകം മുഴുവൻ കണ്ടു, കേരളത്തിന്റെ വൃത്തിയും വെടിപ്പും, ചങ്ങനാശേരി നഗരസഭയ്ക്ക് വേറെ വല്ല പണിക്കും പൊയ്ക്കൂടെ, മറ്റു നഗരസഭകളിലും ഇതാണ് സ്ഥിതി’ എന്നിങ്ങനെയായിരുന്നു കമന്റുകൾ. ആ വീഡിയോ ഇതുവരെ ഏഴ് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മന്ത്രിമാരായ കെ ബി ഗണേശ് കുമാറിനും പി എ മുഹമ്മദ് റിയാസിനും പലരും ഈ വിഡിയോ ടാഗ് ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |