കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ കുത്തുകുഴി അടിവാട് റോഡിൽ കുടമുണ്ട പുഴക്ക് കുറുകെ വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച പാലത്തിന് ശാപമോക്ഷമാകുന്നു. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി അദ്ധ്യക്ഷനായി. ഖദീജ മുഹമ്മദ്, ഒ.ഇ. അബ്ബാസ്, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ.എ. രമണൻ, എംഎം. ബക്കർ, പി.കെ. മുഹമ്മദ്, പി.എം. നൗഷാദ്, പി.ഇ. ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.
എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 40 ലക്ഷംരൂപയാണ് അനുവദിച്ചിട്ടുള്ളത്.
പത്തുവർഷം മുമ്പാണ് ചെക്ക്ഡാം കം ബ്രിഡ്ജ് നിർമ്മിച്ചത്. സ്ഥലം വിട്ടുകിട്ടാതിരുന്നതിനെത്തുടർന്ന് അപ്രോച്ച് റോഡ് നിർമ്മാണം മുടങ്ങിയതിനാൽ പാലത്തിലൂടെ യാത്ര സാദ്ധ്യമായിരുന്നില്ല. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ഉടമ കോടതിയെ സമീപിച്ചതാണ് കാരണം. സ്ഥലത്തിന്റെ കാര്യത്തിൽ ധാരണയുണ്ടാക്കാതെയാണ് പാലംനിർമ്മിച്ചത്. എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കോടതിയിലെ കേസ് പിൻവലിക്കുകയും മുപ്പത് സെന്റോളം സ്ഥലം വിട്ടുനൽകുകയും ചെയ്തതിനാലാണ് അപ്രോച്ച് റോഡ് നിർമ്മിക്കാൻ കഴിയുന്നത്.
പുഴയുടെ കുറുകെയുള്ള ഉയരംകുറഞ്ഞ പാലത്തിലൂടെയാണ് നിലവിൽ വാഹനങ്ങൾ കടന്നുപോകുന്നത്. മഴക്കാലത്ത് പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ പാലം മുങ്ങുകയും ഗതാഗതം മുടങ്ങുകയും ചെയ്യുമായിരുന്നു. ഇവിടെ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് ജലസേചനവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ചെക്ക്ഡാം കം ബ്രിഡ്ജ് നിർമ്മിച്ചത്. അപ്രോച്ച് റോഡ് പൂർത്തിയാകുന്നതോടെ ഇവിടത്തെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |