തിരുവനന്തപുരം : നെഞ്ച് തുളയ്ക്കതെ പേസ് മേക്കർ ഘടിപ്പിക്കുന്ന ആധുനിക ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം വിജയകരമായി നടത്തി. കേരളത്തിൽ ഇതു നടപ്പാക്കിയ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജെന്ന ഖ്യാതിയും സ്വന്തമാക്കി. അഞ്ചൽ സ്വദേശിയായ 74വയസുള്ള രോഗിയിലാണ് ഘടിപ്പിച്ചത്.
മറ്റുസർക്കാർ മെഡിക്കൽ കോളേജുകളിലും സൗകര്യം ഒരുക്കും.
ക്യാപ്‌സ്യൂൾ രൂപത്തിലെ ലീഡ്ലൈസ് പേസ്‌മേക്കർ ഘടിപ്പിക്കുന്നത് കാലിന്റെ ഇടുക്കിലൂടെയാണ്. പ്രത്യേക ട്യൂബ് ഉപയോഗിച്ച് ഇത് ഹൃദയത്തിൽ നേരിട്ട് എത്തിക്കുകയാണ്. വയറുണ്ടാകില്ല. നെഞ്ചിന് തടിപ്പോ മറ്റു വ്യത്യാസങ്ങളോ കാണില്ല. താക്കോൽ ദ്വാര ശസ്ത്രക്രിയാ മാർഗമാണ് ഉപയോഗിക്കുന്നത്.
ചെറിയ ബോക്‌സ് രൂപത്തിലുള്ള സാധാരണ പേസ് മേക്കർ നെഞ്ചിലെ തൊലിയിൽ തുന്നിച്ചേർക്കുകയാണ് ചെയ്യുന്നത്. നെഞ്ചിന് പുറത്ത് തടിപ്പായി ഇത് കാണും.
രണ്ട് വയറുകൾ നെഞ്ച് തുളച്ച് ഹൃദയവുമായി ബന്ധിപ്പിക്കുകയും ചെയ്യും.ഈ വയറുകൾ രക്തക്കുഴലുമായി ചേർന്ന് ആജീവനാന്തം നെഞ്ചിനുള്ളിലുണ്ടാകും.
കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ. മാത്യു ഐപ്പ്, പ്രൊഫ. സിബു മാത്യു, പ്രൊഫ. കൃഷ്ണകുമാർ.ബി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. പേസ്‌മേക്കർ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. അരുൺ ഗോപിയുടെ മാർഗനിർദേശത്തിൽ കാർഡിയോളജിസ്റ്റുകളായ പ്രൊഫ.സുരേഷ് മാധവൻ, പ്രൊഫ. പ്രവീൺ വേലപ്പൻ,ഡോ.ലയസ് മുഹമ്മദ്,നഴ്സിംഗ് ഓഫീസർമാരായ രാജലക്ഷ്മി,സൂസൻ,ജാൻസി, ടെക്‌നീഷ്യൻമാരായ പ്രജീഷ്,കിഷോർ,അസിംഷ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂർത്തിയാക്കിയത്.
ചെലവ് എട്ടുലക്ഷം
മെഡിക്കൽ കോളേജുകളിൽ ലീഡ്‌ലെസ് പേസ്‌മേക്കർ സ്ഥാപിക്കാൻ എട്ടുലക്ഷം രൂപ ചെലവാകും. ഇൻഷ്വറൻസ് പരിരക്ഷയുള്ളവർക്ക് ചെലവ് കുറയും. സ്വകാര്യ ആശുപത്രികളിൽ 12ലക്ഷത്തോളം ചെലവാകും. സാധാരണ പേസ്‌മേക്കർ ഘടിപ്പിക്കാൻ മെഡിക്കൽ കോളേജിൽ രണ്ടുലക്ഷം രൂപയാണ് ചെലവ്.
12 വർഷം കാലാവധി
# സാധാരണ പേസ് മേക്കറിന് 10വർഷം കാലാവധി, ഇതിന് 12വർഷം.
#നെഞ്ചിൽ മുറിവില്ല,രക്ത നഷ്ടമില്ല,തുന്നൽ വേണ്ട.
# അണുബാധ സാദ്ധ്യത കുറവ്.
# വേഗത്തിൽ ആശുപത്രിയിൽ നിന്ന് മടങ്ങാം
``രോഗികൾക്ക് മികച്ച ഫലവും ജീവിത നിലവാരവും ഉറപ്പാക്കുന്നു.ചികിത്സയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനം.``
-വീണാ ജോർജ്
ആരോഗ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |