കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ക്ഷീര കർഷകർക്ക് 2.31 കോടി രൂപ വിതരണം ചെയ്യും. കർഷകർക്കുള്ള റിവോൾവിംഗ് ഫണ്ട്, പാൽ സബ്സിഡി പദ്ധതികൾ തെനേരി ക്ഷീരസംഘം ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഈ വർഷം പാലിന് ഇൻസെന്റീവ് ഇനത്തിൽ 2.21 കോടി രൂപയും റിവോൾവിംഗ് ഫണ്ട് ഇനത്തിൽ 10 ലക്ഷം രൂപയുടെയും പദ്ധതികളാണ് നടപ്പാക്കുക. ജില്ലയിൽ 56 ക്ഷീര സംഘങ്ങളിലൂടെ പ്രതിദിനം ശരാശരി 2.5 ലക്ഷം ലിറ്റർ പാലാണ് ശേഖരിക്കുന്നത്. 2023-24 വർഷം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ സംഘത്തിൽ അളക്കുന്ന പാലിന് ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് ലിറ്ററിനു മൂന്ന് രൂപ സബ്സിഡി നിരക്കിൽ ഇൻസെന്റീവ് നൽകുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ഉരുക്കളെ വാങ്ങാനുള്ള റിവോൾവിംഗ് ഫണ്ട് ഇനത്തിൽ ക്ഷീര സംഘത്തിന് രണ്ടുലക്ഷം രൂപയും പാലിന് ഇൻസെന്റീവ് ഇനത്തിൽ 1.9 കോടി രൂപയും റിവോൾവിംഗ് ഫണ്ട് ഇനത്തിൽ 30 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. പാൽ ഉത്പാദനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലയ്ക്ക്. സ്ഥിരവരുമാനമുള്ള മേഖലയായി ക്ഷീര മേഖല വളരുന്നതിനാൽ പുതിയ സംരംഭകർ കടന്നുവരുന്നതായും അധികൃതർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ഉഷ തമ്പി അദ്ധ്യക്ഷയായി. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, ബീന ജോസ് കരുമാംകുന്നേൽ, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.എം നൗഷ, ഡെപ്യൂട്ടി ഡയറക്ടർ ഫെമി വി മാത്യൂ, സുൽത്താൻ ബത്തേരി ക്ഷീര വികസന ഓഫീസർ പി.പി പ്രജീഷ, മാനന്തവാടി ക്ഷീര വികസന ഓഫീസർ ധന്യ കൃഷ്ണൻ, പനമരം ഡയറി ഫാം ഇൻസ്ട്രക്ടർ എം.പി നവീൻ രാജ്, കൽപറ്റ ക്ഷീര വികസന ഓഫീസർ സി.എച്ച് ഹുസ്ന, മീനങ്ങാടി ക്ഷീര സംഘം സെക്രട്ടറി മാത്യൂ ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |