വടകര: തീപ്പാറും പോർക്കഥകളുടെ കടത്തനാടൻ മണ്ണിൽ ഇത്തവണ തിരഞ്ഞെടുപ്പ് കടക്കും. പാണർപാടിയ പാട്ടൊക്കെ വടകര നഗരസഭയിൽ പഴങ്കഥയാവുമെന്ന് യു.ഡി.എഫും എൻ.ഡി.എയും ഉറപ്പിക്കുന്നു. എന്നാൽ കോട്ട കാക്കാൻ പതിനെട്ടും കഴിഞ്ഞ് പൂഴിക്കടകനുമെന്നാണ് ഇടതുപക്ഷത്തിന്റെ പോർവിളി.
1931ൽ വടകര യൂണിയനായി രൂപീകരിക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം 1952ൽ 8 വാർഡുകളുമായി വടകര പഞ്ചായത്തായും 1958 ൽ 24 വാർഡുളോടെ നഗരസഭയുമായി. എൽ.ഡി.എഫ്, യു.ഡി.എഫ് -ആർ.എം.പി.ഐ , എൻ.ഡി.എ മുന്നണികളാണ് രംഗത്ത്. വികസനവും വിവാദങ്ങളും കളം നിറയുമ്പോഴും കോട്ട ഭദ്രമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് പാളയം. രൂപീകരണ ശേഷം ഇന്നോളം പ്രതിപക്ഷത്തുമാത്രം ഇരിപ്പുറച്ച വലതുചേരി ഒരു ദശാബ്ദ കാലത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെ ചുവടുപിടിച്ച് ഭരണമാറ്റം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയ എൻ.ഡി.എയും ശുഭപ്രതീക്ഷയിലാണ്.
@ പോരാട്ടം ആത്മവിശ്വാസത്തോടെ
കെ.പി ബിന്ദു
(നഗരസഭ ചെയർപേഴ്‌സൺ)
പ്രകടന പത്രികയിൽ പറഞ്ഞ 115 വാഗ്ദാനങ്ങളിൽ നൂറ്റിയൊമ്പതും പൂർത്തീകരിച്ചതിന്റെ അഭിമാനത്തോടെയാണ് വരും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നഗരസഭ കാര്യാലയം, സാംസ്‌കാരിക ചത്വരം, ജൂബിലി കുളം... ചൂണ്ടിക്കാട്ടാനേറെയുണ്ട്. വിദ്യാഭ്യാസ മേഖലയിലെ തനത് പരിപാടി സ്‌പേസ്, കായിക രംഗത്ത് ദിശ, മാലിന്യ സംസ്‌കരണത്തിൽ ഹരിത കർമ്മസേന തുടങ്ങിയവ മാതൃകാപരമായി മാറി. പുതിയാപ്പിലേയും വീരഞ്ചേരിയിലേയും വാട്ടർ ടാങ്കുകൾ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി.
@ ശൂന്യമാണ് വികസനം
വി.കെ അസീസ്
(പ്രതിപക്ഷ നേതാവ്)
വടകര പട്ടണം ആളൊഴിഞ്ഞിരിക്കുന്നു. വ്യാപാര മേഖല തകർന്നു. ഗതാഗതകുരുക്കും പാർക്കിംഗ് സൗകര്യമില്ലായ്മയും വ്യാപാരികളെ മറ്റ് നഗരങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരാക്കി. നിരവധി തവണ ലേലം നടത്തിയിട്ടും നഗരസഭ കെട്ടിടത്തിലെ ഒരു മുറി മാത്രമാണ് വ്യാപാരാവശ്യത്തിന് നൽകാൻ കഴിഞ്ഞത്. വ്യാപാര തകർച്ച തനത് വരുമാനത്തെ ബാധിച്ചു. ആകെ 14 കോടി വരുമാനത്തിൽ 12 കോടി നഗരസഭ ചെലവിനും ശമ്പളത്തിനുമായി നീക്കിവയ്ക്കുമ്പോൾ വികസനത്തിന് പണമെവിടെ. ബി.ഒ.ടി മാൾ അടഞ്ഞുതന്നെ. കളിസ്ഥലങ്ങളെല്ലാം ഇല്ലാതായി.
@ അവകാശപ്പെടാൻ
ഒന്നുമില്ലാത്ത ഭരണസമിതി
സിന്ധു പി.കെ
(എൻ.ഡി.എ പാർലമെന്ററി പാർട്ടി നേതാവ് )
ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ ഫണ്ട് വിഹിതമായ 5 ലക്ഷം രൂപ പൂർണമായി വിനിയോഗിച്ചു. ഇത് പരിമിതമായ സംഖ്യയാണ്. വടകര എം.എൽ.എ , എം.പി ഫണ്ടുകൾക്ക് പുറമേ സുരേഷ്‌ഗോപി എം.പിയുടെയും പി.ടി ഉഷ എം.പിയുടെയും ഫണ്ടുകൾ കൂടി ലഭ്യമാക്കി വാർഡുകളിൽ പരമാവധി വികസനം നടത്താൻ സാധിച്ച കൃതാർത്ഥതയോടെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്നത്. വടകര നഗരം, നടക്കുതാഴ, പുതുപ്പണം എന്നീ വാർഡുകളാണ് ഞങ്ങൾക്കുള്ളത്. ഇത്തവണ 47 വാർഡുകളിൽ എൻ.ഡി.എ മത്സരിക്കും.
വടകര നഗരസഭ കക്ഷിനില
എൽ.ഡി.എഫ് .... 27
യു.ഡി.എഫ് ........ 16
എൻ.ഡി.എ ......... 3
എസ്.ഡി.പി.ഐ.. 1
വാർഡ്
(2020)- 47
വാർഡ്
(2025)- 48
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |