കട്ടപ്പന: ടൗണിലേയും സമീപ പ്രദേശങ്ങളിലെയും വിവിധ റോഡുകളെ കോർത്തിണക്കി റിംഗ് റോഡ് നിർമ്മിക്കുന്നതിനായി 30 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും ഇതോടൊപ്പം ഏതാനും ഗ്രാമീണ റോഡുകളുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വൈദ്യുതി ദീപങ്ങൾ, മാർക്കിങ്, ടൈൽ പതിച്ച നടപ്പാത, റിഫ്ളക്ടർ, സൈൻ ബോർഡ്, ഐറിഷ് ഓട തുടങ്ങി അത്യാധുനികമായാകും റോഡുകളുടെ നിർമ്മാണം. 2025- 26 സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയാണിത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. കട്ടപ്പനയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനും ദൂരം കുറയ്ക്കുന്നതിനും സാദ്ധ്യമാകുന്ന തരത്തിലാണ് റിംഗ് റോഡിന്റെ രൂപകൽപ്പന. നിലവിൽ ദേശീയ പാതയുടെ ഭാഗമായുള്ള റോഡിന്റെ ഭാഗങ്ങൾ ഒഴിവാക്കിയാകും നിർമ്മാണം നടത്തുക.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയ്ക്കടക്കം കട്ടപ്പന വഴി യാത്ര ചെയ്യുന്നവർക്ക് തിരക്കൊഴിവാക്കി മലയോര ഹൈവേയിൽ എത്തിച്ചേർന്ന് യാത്ര തുടരാനാകും. ഇതോടൊപ്പം കട്ടപ്പനയ്ക്ക് സമീപമുള്ള റോഡുകൾ ബി.എം ബി.സി ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതോടെ വികസനത്തിന്റെ പുതിയ മുഖം കൈവരിക്കാൻ കഴിയും.
റിംഗ് റോഡ് പദ്ധതിക്ക് പുറമേ വെള്ളയാകുടി, കക്കാട്ടുകട റോഡിന് ആറു കോടി രൂപയും നേതാജി ബൈപ്പാസ് റോഡിന് ഒരു കോടി രൂപയും അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. കൂടാതെ ഇരട്ടയാർ- വഴവര റോഡിന് എട്ടു കോടി രൂപ അനുവദിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. കട്ടപ്പന നഗരസഭയിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതും പ്രധാന ഗ്രാമീണ റോഡുകളും ഉടൻ നവീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അടിമാലി- നത്തുകല്ല്, ചേലച്ചുവട്- വണ്ണപ്പുറം റോഡുകളുടെ നിർമ്മാണവും ആരംഭിച്ചു. കട്ടപ്പനയിൽ നിന്ന് ചപ്പാത്ത് വരെയുള്ള മലയോര ഹൈവേയുടെ മൂന്ന് റീച്ചുകളിലായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
പദ്ധതിയിൽ നവീകരിക്കുന്ന റോഡുകൾ
പാറക്കടവ്- ജ്യോതിസ് ബൈപാസ്
പാറക്കവ്- ഇടശ്ശേരി ജംഗ്ഷൻ- തൊടുപുഴ- പുളിയന്മല റോഡ്
കട്ടപ്പന- ഉപ്പുകണ്ടം റോഡ്
ഇടശ്ശേരി ജംഗ്ഷൻ- തോവാള റോഡ്
ഇരട്ടയാർ- ഉപ്പുകണ്ടം റോഡ്
ഇരട്ടയാർ- പഞ്ചായത്ത് പടി
നത്തുകല്ല്- വെള്ളയാംകുടി- സുവർണ്ണഗിരി
കട്ടപ്പന ഐ.ടി.ഐ ജംഗ്ഷൻ- വെള്ളയാംകുടി
എസ്.എൻ ജംഗ്ഷൻ- പേഴുംകവല റോഡ്
മാർക്കറ്റ് ജംഗ്ഷൻ- കുന്തളംപാറ റോഡ്
കട്ടപ്പന- ഇരട്ടയാർ റോഡ്
കെ.എസ്.ആർ.ടി.സി ജംഗ്ഷൻ- വെട്ടിക്കുഴിക്കവല
സെൻട്രൽ ജംഗ്ഷൻ- ഇടശ്ശേരി ജംഗ്ഷൻ- മുനിസിപ്പാലിറ്റി റോഡ്
പ്രൈവറ്റ് ബസ് സ്റ്റാന്റ്- പുളിയന്മല റോഡ്
മരുതുംപടി- ജവഹർ റോഡ്
വെയർഹൗസ് റോഡ്
വള്ളക്കടവ്- കരിമ്പാനിപ്പടി- ചപ്പാത്ത് റോഡ്
വള്ളക്കടവ്- ഇരുപതേക്കർ റോഡ്
ആനകുത്തി- പൂവേഴ്സ്‌മൗണ്ട്- അപ്പാപ്പൻപടി റോഡ്
പാറക്കടവ്- ആനകുത്തി റോഡ്
വെട്ടിക്കുഴ കവല- പാദുവാപുരം പള്ളി റോഡ്
ദീപികാ ജംഗ്ഷൻ പുതിയ ബസ് സ്റ്റാന്റ് റോഡ്
ടി.ബി ജംഗ്ഷൻ- ടർഫ് റോഡ്
മാവുങ്കൽ പടി- പാലത്തിനാൽ പടി റോഡ്
അമ്പലക്കവല- ഒഴുകയിൽ പടിറോഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |