കണ്ണൂർ: ഡബിൾ ബെല്ല് കൊടുത്താലും മുന്നോട്ടു നീങ്ങാതെ സ്വകാര്യ ബസ് വ്യവസായം. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗമെന്ന പേരു നേടിയ ഈ വ്യവസായം ഇന്ന് നിലനിൽപ്പിന് വേണ്ടി പൊരുതുകയാണെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി പറയുന്നു. കെ.എസ്.ആർ.ടിസിയുടെ സർവീസ് എത്താത്ത നിരവധി പ്രദേശങ്ങളിലെ ജനജീവിതം പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്.
സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഏദേശം 10,000 സ്വകാര്യ ബസുകൾ അൻപതിനായിരത്തിലേറെ ആളുകൾക്ക് നേരിട്ട് തൊഴിലവസരം നൽകുന്നുണ്ട്. ഡ്രൈവർമാരും കണ്ടക്ടർമാരും ക്ലീനർമാരും മാത്രമല്ല, 3,000ത്തിലേറെ ബസ് സ്റ്റാൻഡ് ഏജന്റുമാരും ഓട്ടോമൊബൈൽ സർവീസ് മേഖലയിലെ എണ്ണമറ്റ തൊഴിലാളികളും ഈ വ്യവസായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നിട്ടും സംസ്ഥാന സർക്കാരിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഉടമകൾ പറയുന്നു.
ദയനീയമായ റോഡ് അവസ്ഥ മൂലം അറ്റകുറ്റപ്പണിക്കായി ഭീമമായ തുക വേണ്ടിവരുന്നുവെന്നും സെയിൽസ് ടാക്സ്, ജി.എസ്.ടി എന്നീ ഇനങ്ങളിലൂടെ സംസ്ഥാന ഖജനാവിലേക്ക് സംഭാവന ചെയ്യുന്ന മേഖലയാണ് സ്വകാര്യ ബസ് വ്യവസായമെന്നും ഉടമകൾ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ പരിഷ്‌കാര നടപടികളും സ്വകാര്യ ബസുകൾക്ക് വിലങ്ങായി മാറുന്നു.
സൗജന്യത്തിന്റെ കൊട്ട്
ഉടമകൾക്ക് മാത്രം
മറ്റൊരു സംസ്ഥാനത്തും കാണാത്ത വിധം കുറഞ്ഞ നിരക്കിലാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ സ്വകാര്യ ബസ് യാത്ര. വെറും ഒരു രൂപയ്ക്ക് അവരെ ഞങ്ങൾ കയറ്റുന്നു. എന്നാൽ ഡീസൽ വില 100 രൂപയിലേക്ക് കുതിക്കുമ്പോൾ ഈ ആനുകൂല്യം നൽകുന്ന ഞങ്ങൾക്ക് സർക്കാരിൽ നിന്ന് ഒരു രൂപ പോലും സബ്സിഡിയായി കിട്ടുന്നില്ല,' ഉടമകൾ പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാ ആനുകൂല്യം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ഖജനാവിൽ നിന്ന് പ്രതിദിനം 10,000 രൂപ നൽകുമ്പോൾ, സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി ചെറുവിരൽ അനക്കാൻ പോലും ആരും തയ്യാറാകുന്നില്ല.
സ്വകാര്യ ബസ് മേഖലയെ വ്യവസായമായി ഔദ്യോഗികമായി അംഗീകരിക്കണം. പൊതുസ്വകാര്യ മേഖലകളെ ഒരുപോലെ പരിഗണിച്ചുകൊണ്ട് പുതിയ ഗതാഗത നയം രൂപീകരിക്കണം. നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇന്നുവരെ അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ല. സർക്കാരിന്റെ നിഷ്‌ക്രിയത്വം വ്യവസായത്തെ തകർച്ചയിലേക്ക് തള്ളിവിടുകയാണ്.
സ്വകാര്യ ബസ് ഉടമകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |