
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സുന്ദർബൻസ് സ്വദേശികളായ യുവതികൾ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. 19കാരിയായ റിയ സർദാറും 20 വയസുള്ള രാഖി നാസ്‌കറുമാണ് സാമൂഹിക മാനദണ്ഡങ്ങളെയെല്ലാം മാറ്റിമറിച്ച് സ്വവർഗ വിവാഹം ചെയ്‌തത്.
പ്രൊഫഷണൽ നർത്തകിമാരാണ് റിയയും രാഖിയും. രണ്ട് വർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. ക്രമേണ ഇവർ പ്രണയത്തിലാവുകയായിരുന്നു. ആദ്യമായി ഒരു ക്ഷേത്രത്തിൽ വച്ചാണ് റിയയെ കണ്ടുമുട്ടിയതെന്നും ജീവിതകാലം മുഴുവൻ ഒരുമിച്ചായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഖി പറഞ്ഞു.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട റിയയെ അമ്മായിയും അമ്മാവനുമാണ് വളർത്തിയത്. രാഖിയുമായുള്ള ബന്ധത്തെ റിയയുടെ ബന്ധുക്കൾ എതിർത്തു. എന്നാൽ, രാഖിയുടെ കുടുംബവും നിരവധി ഗ്രാമവാസികളും ഇവരെ പിന്തുണച്ചു. ഇവരുടെയെല്ലാം സഹായത്തോടെയാണ് പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹച്ചടങ്ങ് നടത്തിയത്. യുവതികൾ പരസ്‌പരം മാലയിട്ടപ്പോൾ നാട്ടുകാർ ആർപ്പുവിളിച്ച് അവരുടെ സന്തോഷം അറിയിച്ചു. 'ഇതുപോലൊരു വിവാഹം ഞങ്ങൾ മുമ്പ് കണ്ടിട്ടില്ല. പക്ഷേ, ഇവരുടെ പരസ്‌പര സ്‌നേഹം കണ്ടില്ലെന്ന് നടിക്കാനായില്ല. അതിനാലാണ് ഞങ്ങൾ പിന്തുണച്ചത് ' - നാട്ടുകാരിലൊരാൾ പറഞ്ഞു.
ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും റിയയെയും രാഖിയെയും പോലുള്ള ദമ്പതികൾ ധാരാളമുണ്ട്. സ്വവർഗ വിവാഹത്തിന് മൗലികാവകാശമില്ലെന്നും സ്‌പെഷ്യൽ വിവാഹ നിയമം സ്വവർഗ ദമ്പതികൾക്ക് ബാധകമല്ലെന്നും 2023 ഒക്‌ടോബറിൽ സുപ്രീം കോടതി വിധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |