ആലപ്പുഴ; പതിവ് പോലെ ക്രമം അനുസരിച്ച് ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിന് ലഭിക്കുമെന്ന് ഉറപ്പിച്ചിരിക്കേയാണ് വനിതാ സംവരണ പ്രഖ്യാപനമെത്തിയത്. ഇതോടെ ചെയർമാൻ കസേര സ്വപ്നം കണ്ടിരുന്ന നേതാക്കൾ വെട്ടിലായി. ഭരണത്തുടർച്ച ലഭിച്ചാൽ ചെയർമാനാകാനുള്ള ജനകീയ സ്ഥാനാർത്ഥിയെ ഇടതുമുന്നണി തീരുമാനിച്ചിരുന്നതായാണ് വിവരം. യു.ഡി.എഫും തെറ്റിപ്പിരിഞ്ഞുനിന്ന മുതിർന്ന നേതാക്കളെയടക്കം പാർട്ടിയോട് അടുപ്പിച്ചിരുന്നു. ബി.ജെ.പി മുൻ കൗൺസിലർമാരെയടക്കം വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നഗരത്തിൽ 53 വാർഡുകളിൽ 26 എണ്ണം വനിതാ സംവരണമാണ്. ഒരെണ്ണം പട്ടികജാതി സംവരണം. ശേഷിക്കുന്ന 26 സീറ്റുകളാണ് ജനറൽ വിഭാഗത്തിനുള്ളത്.
സംവരണ വാർഡുകളിൽ വിജയസാധ്യതയുള്ള വനിതകളെ മത്സരിപ്പിക്കുക എന്നതിലുപരി അദ്ധ്യക്ഷയാകാൻ പ്രാവിണ്യമുള്ളവരെ കൂടി നിശ്ചയിക്കേണ്ടതുണ്ട്. ഇടതുപക്ഷം മുൻ അദ്ധ്യക്ഷർക്ക് വീണ്ടും അവസരം നൽകുമോ, അതോ പുതുമുഖങ്ങളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. യു.ഡി.എഫിൽ പ്രവൃത്തിപരിചയവും ജനസമ്മിതിയും കണക്കിലെടുത്താവും തീരുമാനമെന്നാണ് സൂചന.മൂന്ന് മുന്നണികളും അദ്ധ്യക്ഷ സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കില്ല. കോൺഗ്രസിൽ ഘടകകക്ഷികളുമായുള്ള ആലോചനായോഗം ഇന്നലെ നടന്നു. യുവാക്കളുടെ പ്രാതിനിധ്യവും ഉറപ്പാക്കേണ്ടതുണ്ട്. ഇന്നും നാളെയുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ ചേർന്ന് അതത് വാർഡുകളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കും. ഇടതുമുന്നണിയിൽ സി.പി.എം - സി.പി.ഐ സീറ്റ് ചർച്ച പുരോഗമിക്കുകയാണ്. ബി.ജെ.പി മണ്ഡലം ഭാരവാഹികളെയും പുതുമുഖങ്ങളെയും രംഗത്തിറക്കുമെന്നാണ് സൂചന.
ആകെ വാർഡുകൾ: 53
പട്ടികജാതി സംവരണം : വാടക്കനാൽ
സ്ത്രീസംവരണം: പൂന്തോപ്പ്, കാളാത്ത്, കൊറ്റംകുളങ്ങര, കളർകോട്, കൈതവന, പഴവീട്, പാലസ്, മുല്ലയ്ക്കൽ, കറുകയിൽ, കിടങ്ങാംപറമ്പ്, വഴിച്ചേരി, മുനിസിപ്പൽ ഓഫീസ്, തിരുവമ്പാടി, ഇരവുകാട്, മുല്ലാത്ത് വളപ്പ്, വലിയമരം, മുനിസിപ്പൽ സ്റ്റേഡിയം, ആലിശ്ശേരി, ലജനത്ത്, വലിയകുളം, വട്ടയാൽ, ബീച്ച്, സക്കറിയ ബസാർ, സീവ്യൂ, ചാത്തനാട്, ആറാട്ടുവഴി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |