കോഴിക്കോട്: വേതനം കാലോചിതമായി പരിഷ്കരിക്കാത്തതിൽ പ്രക്ഷോഭം കടുപ്പിക്കാൻ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ. നിയമസഭാ മാർച്ചും സപ്ളെെ ഓഫീസ് മാർച്ചും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജനുവരിയിൽ തുടർപ്രക്ഷോഭം നടത്താനാണ് തീരുമാനം.
2018ൽ സർക്കാർ വേതന പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. റേഷൻ വ്യാപാരികളുടെ പ്രശ്നം സംബന്ധിച്ച് മൂന്നംഗ കമ്മിഷൻ ഒരുവർഷം മുമ്പ് റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നു. അത് മൂന്നുമാസം മുമ്പ് വരെ പിടിച്ചുവച്ചതായി വ്യാപാരികൾ പറയുന്നു. പിന്നീട് ധനവകുപ്പിന്റെ അനുമതിക്ക് സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. കടവാടകയും വെെദ്യുതിനിരക്കും കൂടിവരികയാണെന്നും വ്യാപാരികൾ പറയുന്നു. വ്യാപാരവുമായി ബന്ധപ്പെട്ടുള്ള യാത്രാചെലവും മറ്റും പുറമെയാണ്. വ്യാപാരികൾക്ക് പ്രതിമാസം 30,000 രൂപ കിട്ടുമെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാൽ ഇത് ശരിയല്ലെന്നും നഷ്ടത്തെ തുടർന്ന് 500 കടകൾ നിറുത്തിയെന്നും വ്യാപാരികൾ പറയുന്നു.
ആനുകൂല്യം അകലെ
62 വയസ് കഴിഞ്ഞാൽ ക്ഷേമനിധിയിൽ നിന്നുള്ള 1,500 രൂപ പെൻഷനുണ്ട്. ഇതിനായി പ്രതിമാസം 200 രൂപ അംശാദായം അടയ്ക്കണം. 1,500 പേർക്കാണ് നിലവിൽ പെൻഷനുള്ളത്. 500 പേർക്ക് പാസായിട്ടുണ്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കിട്ടുന്നില്ല. കിഡ്നി, ഹൃദയ സംബന്ധമായ ഗുരുതരരോഗം വന്നാൽ പരമാവധി 25,000 രൂപയാണ് ചികിത്സാസഹായം കിട്ടുന്നത്.
വ്യാപാരികളുടെ പ്രതിമാസ വരുമാനം (രൂപ)
45 ക്വിന്റൽ ധാന്യം വിറ്റാൽ.... 18,000
ഇതിൽ താഴെയാണെങ്കിൽ....8,500
3,000 വ്യാപാരികളുടെ വരുമാനം 10,000- 15,000
കേരളത്തിൽ
കാർഡുടമകൾ 95.2 ലക്ഷം
വ്യാപാരികൾ 13,911
റേഷൻ വ്യാപാരികളുടെ വേതനം ഉടൻ പരിഷ്കരിക്കണം. ഉള്ള ആനുകൂല്യങ്ങൾ പോലും കവർന്നെടുക്കുന്നത് ശരിയല്ല.
-ടി.മുഹമ്മദാലി,
ജനറൽ സെക്രട്ടറി,
ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |