
കൊച്ചി: വക്കാലത്ത് ഏറ്റെടുത്തുവെന്ന് വിശ്വസിപ്പിച്ച് കക്ഷിയിൽ നിന്ന് പണംതട്ടിയ വ്യാജ വക്കീലിനെതിരെ കേസെടുത്ത് പൊലീസ്. മട്ടാഞ്ചേരി സ്വദേശിയും ഇപ്പോൾ കലൂർ എസ്.ആർ.എം റോഡിൽ താമസിക്കുന്ന 33കാരനെതിരെയാണ് കേസ്. ആലുവ ആലങ്ങാട് സ്വദേശിയായ 40കാരന്റെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരമാണ് നടപടി. എറണാകുളം നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് തട്ടിപ്പ് നടന്നത്. 44,500 രൂപയാണ് പലതവണകളായി വ്യാജ വക്കീൽ കൈക്കലാക്കിയത്. കേസിൽ നടപടിയൊന്നും ഇല്ലാതായതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് യുവാവ് അഭിഭാഷകനല്ലെന്ന് തിരിച്ചറിഞ്ഞത്. കുറച്ചുനാൾ ഗുമസ്തനായി ജോലി ചെയ്ത ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും അന്ന് കേസെടുത്തില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
ദാമ്പത്യ പ്രശ്‌നത്തെ തുടർന്ന് പരാതിക്കാരന്റെ ഭാര്യ ഒരു നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകാനായാണ് അടുത്ത ബന്ധുവിന്റെ നിർദ്ദേശപ്രകാരം 33കാരനെ സമീപിച്ചത്. വക്കീലാണെന്നും ഓഫീസെല്ലാം ഉണ്ടെന്നും പ്രതി വിശ്വസിപ്പിച്ചു. കേസ് ഏറ്റെടുക്കാമെന്നും ഉറപ്പുനൽകി. ആദ്യം 2000 രൂപ വാങ്ങി. പിന്നീട് വിവിധ കാര്യങ്ങൾ പറഞ്ഞ് 44500 രൂപ കൈക്കലാക്കി. അന്വേഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി.
കുടുംബകോടതി വേനലവധിക്ക് അടച്ചുവെന്ന് തട്ടിവിട്ടതാണ് വ്യാജന്റെ കള്ളക്കളി പൊളിച്ചത്. കുടുംബകോടതിക്ക് അവധിയില്ലെന്ന് കക്ഷി തിരിച്ചറിഞ്ഞതാണ് വിനയായത്. എൽ.എൽ.ബി പഠനം പാതിവഴിയിൽ അവസാനിപ്പിച്ച പ്രതി, ഏതാനും നാളുകൾ ഒരു വക്കീലിന്റെ ഗുമസ്തനായി ജോലി ചെയ്തിരുന്നു. ഈയൊരു ബലത്തിലായിരുന്നു തട്ടിപ്പ്. വാദിയുടെ കൈയിൽ നിന്ന് പണം വാങ്ങിയശേഷം രണ്ട് അഭിഭാഷകരുടെ സഹായത്തോടെയായിരുന്നു രേഖകളെല്ലാം തയ്യാറാക്കിയിരുന്നത്.
കക്ഷി പണം നൽകിയില്ലെന്ന് അഭിഭാഷകരെയും ഇയാൾ പറഞ്ഞുപറ്റിച്ചു. തട്ടിപ്പിന് കൂട്ടുനിന്ന അഭിഭാഷകർക്കെതിരെ കക്ഷി ബാർ കൗൺസിലിനെ സമീപിച്ചതോടെയാണ് ഇവർ ഗുമസ്തന്റെ തരികിട അറിഞ്ഞത്. സംഭവത്തിൽ ഇതുവരെ അറസ്റ്റിലേക്ക് പൊലീസ് കടന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |