
കൊച്ചി: നികുതി വെട്ടിപ്പ് തടയാൻ കേരളം നടത്തുന്ന പരിശോധനയിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ സ്വകാര്യ ബസുടമകൾ. കേരളത്തിലേക്കുളള സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ തലത്തിൽ ചർച്ചകൾ നടത്താതെ ബസ് നിരത്തിലിറക്കില്ലെന്ന തീരുമാനത്തിലാണ് ഉടമകൾ. കേരളത്തിലേക്ക് സർവീസുകൾ നടത്തുന്ന 110 ബസുകളുടെ സർവീസുകൾ നിർത്തിവച്ചിരിക്കുന്നുവെന്ന് തമിഴ്നാട് പ്രൈവറ്റ് ഒമ്നി ബസ് അസോസിയേഷൻ അറിയിച്ചത്.
കേരളത്തിൽ 30 ബസുകൾ പിടിച്ചെടുത്തെന്നും 70 ലക്ഷം രൂപയോളം പിഴ ചുമത്തിയെന്നുമാണ് അസോസിയേഷൻ പറയുന്നത്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് അനധികൃതമായി ബസുകൾ പിടിച്ചെടുത്ത് അമിത പിഴ ചുമത്തുകയാണെന്നും യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നുയെന്നാണ് അസോസിയേഷന്റെ തമിഴ്നാട് അദ്ധ്യക്ഷൻ അൻബളകൻ പറയുന്നു.
കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലേക്ക് സർവീസ് നടത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുളള ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. മറ്റ് നിയമലംഘനങ്ങള്‍ക്ക് 25 ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയും ചുമത്തി.
യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള സംയുക്ത പരിശോധനകള്‍ തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനുപുറമേ, മറ്റു വാഹനങ്ങളില്‍ അമിതവേഗം, എയര്‍ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങി കൂടുതൽ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |