
സംഭവം നേത്രാവതി എക്സ്പ്രസിൽ
ഷൊർണൂർ: ട്രെയിനിൽ കുടിവെള്ളം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാക്കളുടെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ. നേത്രാവതി എക്സ്പ്രസിൽ തൃശൂരിലേക്ക് വരികയായിരുന്ന യുവാക്കൾക്കാണ് ഇന്നലെ പുലർച്ചെ പൊള്ളലേറ്റത്. ഇതിൽ മുംബൈ സ്വദേശിയായ അഭിഷേക് ബാബുവിന്(24) വ്യാപകമായി പൊള്ളലേറ്റു. സംഭവത്തിൽ ട്രെയിനിലെ പാൻട്രികാർ മാനേജർ യു.പി സ്വദേശി രാഘവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ പാൻട്രി കാറിൽ ചെന്ന് കുടിവെള്ളം ചോദിച്ചപ്പോൾ തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിക്കുകയും പുറത്തേക്ക് ചൂടുവെള്ളം ഒഴിക്കുകയും ചെയ്‌തെന്നാണ് പരാതി. കുടിവെള്ളത്തിനാവശ്യമായ 15 രൂപയ്ക്ക് പകരം 200 രൂപ നൽകിയതിലുള്ള വാക്കുതർക്കത്തിനിടെയായിരുന്നു ആക്രമണം. മുംബൈ സ്വദേശികളായ അനീഷ്,കിഷൻ,തേജസ്,ജിതേഷ്,അഭിഷേക് ബാബു എന്നിവരടങ്ങിയ സംഘമാണ് ആക്രമണത്തിനിരയായത്. യുവാക്കൾ തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. ഷൊർണൂർ റെയിൽവേ എസ്.ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |