
കൊച്ചി: ഉത്സവാഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ കുങ്കുമത്തിന്റെയും കളർപ്പൊടികളുടെയും ദോഷവശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഹൈക്കോടതി. ശബരമലയിലും എരുമേലിയിലും രാസകുങ്കുമം നിരോധിച്ച ഉത്തരവിലാണിത്. മണ്ണിനും മനുഷ്യനും മറ്റു സഹജീവികൾക്കും ഇവ എങ്ങനെ ഹാനികരമാകുമെന്നും ഉത്തരവിലുണ്ട്.
തുണിക്കും പ്ലാസ്റ്റിക്കിനും പെയിന്റിനും നിറം നൽകുന്ന വ്യാവസായിക പിഗ്‌മെന്റുകളാണ് ഇവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ടാൽക്കം,മൈക്ക,സ്റ്റാർച്ച് എന്നിവ ചേർത്ത് തിളക്കമുണ്ടാക്കുന്നതിനാൽ ചർമത്തിനും കണ്ണിനും ശ്വാസകോശത്തിനും ഹാനികരമാണ്. ക്യാൻസറിനും സാദ്ധ്യതയുണ്ട്. അനധികൃത കുടിൽ വ്യവസായങ്ങളാണ് ഇത്തരം ഉത്പന്നങ്ങൾ കൂടുതലായി നിർമ്മിക്കുന്നത്.
ഇവ വെള്ളത്തിൽ കലരുമ്പോൾ ഓക്സിജൻ കുറയ്‌ക്കുകയും മത്സ്യക്കുരുതിക്ക് കാരണമാകും. സക്കർ ഇനത്തിൽപ്പെട്ട 'കല്ലൊട്ടി" മത്സ്യങ്ങളെയാകും ഏറ്റവും ബാധിക്കുകയെന്നും കോടതി വിലയിരുത്തി. സ്വാഭാവിക കുങ്കുമ നിർമ്മാണത്തിന് മഞ്ഞൾ,ചന്ദനം,ജമന്തി,ചെമ്പരത്തി,നീലയമരി,വേപ്പ് തുടങ്ങി പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് മടങ്ങാൻ സർക്കാരും ദേവസ്വം ബോർഡുടക്കം മുൻകൈയെടുക്കണം. ഹാനികരമായ വസ്തുക്കൾ വർജിക്കാൻ സമൂഹം തയാറാകണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ,ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് ഓർമ്മിപ്പിച്ചു.
കുങ്കുമത്തിലുള്ളത്
(കോടതി ഉത്തരവിൽ നിന്ന്)
കോപ്പർ സൾഫേറ്റ്
മാലകൈറ്റ് ഗ്രീൻ
ലെഡ് ഓക്സൈഡ്
കാർബൺ ബ്ലാക്
അലുമിനിയം ബ്രോമൈഡ്
റെഡ് മെർക്കുറി സൾഫൈഡ്
പ്രഷ്യൻ ബ്ലൂ
അസൊ ഡൈ
കോബാൾട്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |