
തിരുവനന്തപുരം: കൊല്ലം സ്വദേശി വേണു മരിച്ചതിൽ അനാസ്ഥയുണ്ടായെന്ന് മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ. നാടാകെ മെഡിക്കൽ കോളേജുകൾ തുടങ്ങിയിട്ട് കാര്യമില്ല. നിലവിലുള്ള മെഡിക്കൽ കോളേജുകൾ ശക്തിപ്പെടുത്തണം. ആധുനിക സംസ്‌കാരത്തിൽ എങ്ങനെ തറയിൽ കിടത്തി ചികിത്സിക്കുമെന്നും അദ്ദേഹം ചോദിച്ചു. മെഡിക്കൽ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ഹാരിസ്.
കൊല്ലം പല്ലനയിൽനിന്ന് തിരുവനന്തപുരം വരെ ചികിത്സതേടി വരേണ്ടിവന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. കൊല്ലത്ത് മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയുമുണ്ട്. ഇതെല്ലാം താണ്ടിയാണ് ഇവിടേക്കു വരേണ്ടിവന്നത്. ഏറ്റവും ആധുനിക സൂപ്പർ സ്‌പെഷ്യാലിറ്റി കെയർ സെന്റർ സൗകര്യങ്ങളാണ് വേണ്ടത്.
വേണുവിനെ കൊണ്ടുവന്നപ്പോൾ തറയിലാണ് കിടത്തിയത്. ഒന്ന്, രണ്ട്, 28 വാർഡുകളിൽ സംസ്‌കാരമുള്ള ആർക്കും പോകാൻ പറ്റില്ല. ശ്വാസം മുട്ടലുള്ള, ക്യാൻസർ ബാധിച്ചയാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുക? 1986ൽ ഞാൻ എം.ബി.ബി.എസ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. അന്ന് ഇത്രയും രോഗികൾ തറയിൽ കിടക്കുന്നുണ്ടായിരുന്നില്ല. കാലം പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരമാണുള്ളത്.
മെഡിക്കൽ കോളേജുകൾ തുടങ്ങുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉറപ്പാക്കണം. കോന്നി മെഡിക്കൽ കോളേജിൽത്തന്നെ 500 കോടിയോളം രൂപ ചെലവായെന്നാണ് തനിക്ക് കിട്ടിയ കണക്ക്. എന്നിട്ടും അവിടെ അടിസ്ഥാനസൗകര്യങ്ങൾ കുറവാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്. മുൻപ് ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ എനിക്കു വിഷമതകൾ നേരിടേണ്ടിവന്നു. അന്ന് സമൂഹം ഒപ്പം നിന്നെന്നും ഡോ.ഹാരിസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |