
തിരുവനന്തപുരം: ബംഗളൂരു - എറണാകുളം ജംഗ്ഷന്‍ - ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ചൊവ്വാഴ്ച മുതലാണ് സ്ഥിരം സര്‍വീസ് ആരംഭിക്കുക. ഇതോടുകൂടി കേരളത്തിന് ആകെയുള്ള വന്ദേഭാരത് എക്‌സ്പ്രസുകളുടെ എണ്ണം മൂന്നായി ഉയരും. തിരുവനന്തപുരം - കാസര്‍കോട് - തിരുവനന്തപുരം, മംഗളൂരു - തിരുവനന്തപുരം - മംഗളൂരു എന്നിവയാണ് നിലവില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകള്‍. ബംഗളൂരു വന്ദേഭാരത് സര്‍വീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാഴ്ചത്തേക്കുള്ള എക്‌സിക്യൂട്ടീവ് ചെയര്‍ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്ന അവസ്ഥയാണ്.
മറ്റ് രണ്ട് വന്ദേഭാരത് ട്രെയിനുകളെപ്പോലെ മൂന്നാമനും ഒക്കുപ്പന്‍സി റേറ്റിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷയാണ് റെയില്‍വേക്ക് നല്‍കുന്നത്. ദക്ഷിണ റെയില്‍വേയെ സംബന്ധിച്ച് കേരളം വന്ദേഭാരതുകള്‍ക്ക് ഐശ്വര്യമുള്ള മണ്ണാണ്. സംസ്ഥാനത്ത് ആദ്യം സര്‍വീസ് ആരംഭിച്ച രണ്ട് ട്രെയിനുകളുടേയും ആകെ കോച്ചുകളുടെ എണ്ണം പിന്നീട് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായി. സമാനമായ സ്ഥിതി തന്നെയാകും ബംഗളൂരു - എറണാകുളം വന്ദേഭാരതിനും ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പുതിയ വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലേക്ക് വന്നാല്‍ എറണാകുളത്ത് നിന്നു ബംഗളൂരു വരെ ചെയര്‍ കാര്‍ 1615 രൂപയും എക്‌സിക്യുട്ടീവ് ചെയറില്‍ 2980 രൂപയുമാണ് നിരക്ക്. തൃശൂരില്‍ നിന്ന്ബംഗളൂരുവിലേക്കു ചെയര്‍ കാറില്‍ 1505 രൂപയാണ് ടിക്കറ്റ്. പാലക്കാട് നിന്നാണ് യാത്രയെങ്കില്‍ ചെയര്‍കാറിന് 1360 രൂപയും സൗകര്യങ്ങള്‍ കൂടുതല്‍ ഉള്ള എക്‌സിക്യൂട്ടീവ് ചെയറില്‍ 2470 രൂപയും നല്‍കണം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും, ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരുമായി പതിനായിരക്കണക്കിന് മലയാളികളാണ് ബംഗളൂരുവിലുള്ളത്.
പുതിയ വന്ദേഭാരതിനും ടിക്കറ്റിന് ആവശ്യക്കാര്‍ കൂടുതലായതോടെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ മുന്നോട്ടുവച്ച രണ്ട് ട്രെയിനുകളുടെ കാര്യത്തില്‍ റെയില്‍വേ അനുകൂല നടപടി സ്വീകരിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയാണ്. ചെന്നൈയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് തിരുവനന്തപുരം സെന്‍ട്രലിലേക്കും അതുപോലെ തന്നെ ഗോവ - മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കും നീട്ടണമെന്ന ആവശ്യവുമാണ് വീണ്ടും ശക്തമായി ഉയരുന്നത്. ഇതില്‍ നഷ്ടത്തിലുള്ള ഗോവ - മംഗളൂരു വന്ദേഭാരത് സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള സാദ്ധ്യത കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |