തിരുനെല്ലി: വയനാടിന്റെ ഔദ്യോഗിക ശലഭമായ 'കരിനീലക്കടുവ'യുടെ ദേശാടനം ആരംഭിച്ചു. ഈ ചിത്രശലഭങ്ങളുടെ ദീർഘദൂര ദേശാടനമാണിത്. എല്ലാവർഷവും തെക്കുപടിഞ്ഞാറൻ കാലവർഷത്തിലെ കനത്ത മഴ ശമിക്കുമ്പോൾ, ഉപദ്വീപായ ഇന്ത്യയുടെ കിഴക്കുഭാഗത്ത് നിന്നും പടിഞ്ഞാറ് പശ്ചിമഘട്ട മലനിരകളിലെ സംരക്ഷിത വനപ്രദേശങ്ങളിലേക്ക്, അനേക ദശലക്ഷം ചിത്രശലഭങ്ങൾ കൂട്ടംകൂട്ടമായി ഇങ്ങനെ ദേശാടനം ചെയ്‌തെത്തും. പശ്ചിമഘട്ടത്തിലെ കനത്ത മഴയെ ഒഴിവാക്കുന്നതിന് വേണ്ടിയാവാം ശലഭങ്ങൾ ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിലേക്ക് ദേശാടനം ചെയ്യുന്നത് എന്നാണ് വിവരം.
ഇന്ത്യയിലെ ജീവശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നത് ഈ ചിത്രശലഭങ്ങൾ വർഷത്തിൽ ഒരുതവണ ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ പ്രജനനം നടത്തി അവരുടെ അടുത്ത തലമുറ പശ്ചിമഘട്ടത്തിലേക്ക് ദേശാടനം ചെയ്യുകയും അവിടെ ഒരിക്കൽ കൂടി പ്രജനനം നടത്തിയശേഷം അടുത്ത തലമുറ തിരികെ ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിലേക്ക് തന്നെ ദേശാടനം ചെയ്തു പോവുകയും ചെയ്യുന്നു എന്നായിരുന്നു. എന്നാൽ വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫേൺസ്' എന്ന സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി നടന്ന ഗവേഷണങ്ങളിലൂടെ ലഭിച്ചത് ഇതിൽ നിന്നു വിഭിന്നമായ വിവരങ്ങളാണ്.
പശ്ചിമഘട്ടത്തിലേക്ക് ദേശാടനം ചെയ്തു വരുന്ന ചിത്രശലഭങ്ങളെയും പശ്ചിമഘട്ടത്തിൽ നിന്ന് കിഴക്കോട്ട് ദേശാടനം ചെയ്യുന്ന ചിത്രശലഭങ്ങളെയും അവയുടെ (ചിറകുകളുടെ) പഴക്കം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുമ്പോൾ, പശ്ചിമഘട്ടത്തിലേക്ക് വരുന്ന ചിത്രശലഭങ്ങളിൽ ഏറെയും പുതിയ ചിത്രശലഭങ്ങളും പശ്ചിമഘട്ടത്തിൽ നിന്ന് കിഴക്കോട്ട് പോകുന്ന ശലഭങ്ങൾ എല്ലാം തന്നെയും വളരെ പഴക്കമുള്ളവയുമാണ് എന്നാണ് മനസിലാവുന്നത്.
300 മുതൽ 500 കിലോമീറ്റർ വരെ ദൂരം ഈ ശലഭങ്ങൾ ദേശാടനം ചെയ്യുന്നുണ്ടാവാം എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഈ ചിത്രശലഭങ്ങൾ പശ്ചിമഘട്ടത്തിലേക്ക് വരുന്നതും അവിടെ നിന്ന് തിരികെ പോകുന്നതും ചേർത്തുള്ള ദൂരം കണക്കാക്കുമ്പോൾ, നേരത്തെ കരുതിയിരുന്നതിന്റെ ഇരട്ടി ദൂരം അവ ദേശാടനം ചെയ്യുന്നുണ്ടാവും എന്ന് കണക്കാക്കേണ്ടി വരും. ഇതേ ശലഭങ്ങൾ തന്നെയാണ് തിരികെ പോകുന്നത് എങ്കിൽ ഈ ശലഭങ്ങളുടെ ആയുർദൈർഘ്യവും പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വളരെ കൂടുതലായിരിക്കും. എന്തിനുവേണ്ടിയാണ് ഈ ശലഭങ്ങൾ പശ്ചിമഘട്ടത്തിലേക്കും അവിടെ നിന്ന് കിഴക്കോട്ടും ദേശാടനം ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതും എവിടെയാണെന്നും വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |