കൊടുവള്ളി: കോഴിക്കോട് ജില്ലയിൽ പൊന്നിന്റെ തിളക്കമുള്ള നാടാണ് കൊടുവള്ളി. രാഷ്ട്രീയവും നേതാക്കളും മാറി മറിമറിയാറുണ്ടെങ്കിലും വികസനമാണ് എന്നും ഈ നാടിന്റെ അജണ്ട. നഗരസഭയായതിനുശേഷം യു.ഡി.എഫിന്റെ തട്ടകമായ കൊടുവള്ളിയിൽ സംസ്ഥാന ഭരണത്തിന്റെ നേട്ടങ്ങളുമായി മുന്നേറാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്. മോദിയുടെ മികവിൽ മുന്നേറുന്ന കേന്ദ്ര സർക്കാരിന്റെ നേട്ടം പറഞ്ഞ് സീറ്റ് പിടിക്കാനുള്ള പരിശ്രമത്തിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുമുണ്ട്. താമരശ്ശേരി താലൂക്കിൽ കൊടുവള്ളി, വാവാട്, പുത്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ് കൊടുവള്ളി. കൊടുവള്ളി 2015 ലാണ് നഗരസഭയാകുന്നത്. 36 സീറ്റുകളിലാണ് കഴിഞ്ഞ തവണ മത്സരം നടന്നത്. ഇക്കുറി 37 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
യു.ഡി.എഫ് - 25
എൽ.ഡി.എഫ് - 11
നഗരസഭയുടെ വസന്തകാലം
കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ
വി.അബ്ദുറഹിമാൻ (വെള്ളറ അബ്ദു)
കൊടുവള്ളി നഗരസഭയുടെ കഴിഞ്ഞ 5 വർഷങ്ങളെ അഞ്ച് വസന്തങ്ങളായി അവതരിപ്പിക്കുന്നതിൽ അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്. ശുചിത്യം - മാലിന്യ സംസ്ക്കരണം, പൊതുമരാമത്ത്, വയോജനക്ഷേമം, ദാരിദ്യ ലഘൂകരണം, ശിശുക്ഷേമം, ഭിന്നശേഷി ക്ഷേമം, പട്ടികജാതി വികസനം, തെരുവ് വിളക്ക് പരിപാലനം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, കലാകായികം, ക്ഷേമ പെൻഷൻ തുടങ്ങി എല്ലാ മേഖലകളിലും കഴിഞ്ഞ അഞ്ച് വർഷം കൊടുവള്ളി നഗരസഭയിൽ ഉണ്ടായ അഭൂതപൂർവമായ മുന്നേറ്റം പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ്.
എടുത്തുകാണിക്കാൻ പറ്റുന്ന പദ്ധതികളില്ല
വായോളി മുഹമ്മദ്
കൗൺസിലർ (സി.പി.എം-പ്രതിപക്ഷ നേതാവ്
2010 മുതൽ കൊടുവള്ളിയിൽ ഭരണത്തിലുള്ളത് മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന യു.ഡി.എഫാണ്. എൽ.ഡി.എഫ് ഭരണകാലത്ത് പ്രാവർത്തികമാക്കിയ പദ്ധതികളല്ലാതെ എടുത്തുകാണിക്കാൻ പറ്റുന്ന ഒരു പ്രവൃത്തിയും ഇക്കാലയളവിൽ ഉണ്ടായിട്ടില്ല. ഇതര പ്രദേശങ്ങൾ സംസ്ഥാന സർക്കാരിൻറെയും എം.എൽ.എ/എം.പിമാരുടെയും സഹകരണത്തോടെ വികസന രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയപ്പോൾ നേട്ടമായി ഒന്നും ചൂണ്ടിക്കാണിക്കാൻ സാധിക്കാത്ത ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൊടുവള്ളി മാറിപ്പോയതിൻറെ ഉത്തരവാദിത്തം യു.ഡി.എഫിനാണ്.
മൂന്ന് സീറ്റ് നേടും
അഡ്വ. ബിജു പടിപ്പുരക്കൽ
ബി.ജെ.പി ജില്ലാ കമ്മിറ്റി മെമ്പർ
മോദി സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികൾ മുൻനിറുത്തിയാണ് ബി.ജെ.പി ജനങ്ങളിലേക്കിറങ്ങുന്നത്. ഭരണസമിതിയിൽ മൂന്ന് സീറ്റാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി കൂടുതൽ വീട് ലഭിച്ചത് കൊടുവള്ളിയിലാണ്. അമൃത് പദ്ധതിയിൽ 16.5 കോടി രൂപയാണ് കുടിവെള്ളത്തിനാണ് മണ്ഡലത്തിൽ വിനിയോഗിച്ചത്. ഏത് വീട്ടിൽ പോയാലും പ്രധാനമന്ത്രിയുടെ മൂന്ന് പദ്ധതികളുടെയെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചവരായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |