പാലക്കാട്: പ്രകൃതിയും നവോത്ഥാനവും സുസ്ഥിര വികസന മാതൃകകളുമെല്ലാമായി കളം നിറഞ്ഞ് ഹൈസ്‌കൂൾ വിഭാഗം നിശ്ചല മാതൃകാ മത്സരം. ഒമ്പതാം ക്ലാസിൽ പഠിക്കാനുള്ള ഉത്തരേന്ത്യൻ സമതലങ്ങളുടെ നിശ്ചല മാതൃകയും വിവിധതരം ഭൂപ്രകൃതിയും മികച്ച ആസൂത്രണമികവോടെയാണ് മിക്ക കുട്ടികളും അവതരിപ്പിച്ചത്.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ ഹന്ന തെരേസ, ഹന്ന മാർജാൻ, തിരുവനന്തപുരം പോത്തൻകോട് എൽ.വി.എച്ച്.എസിലെ നൈറ, നൂറിയ തുടങ്ങിയവർ പ്രകൃതിദൃശ്യങ്ങൾ അവതരിപ്പിച്ചപ്പോൾ പാലക്കാട് വടക്കഞ്ചേരി സി.ജി.എച്ച്.എസിലെ അർച്ചന സുരേഷും പി. മാളവികയും സുസ്ഥിര വികസനം എന്ന ആശയമാണ് പങ്കുവച്ചത്. ഭാവിതലമുറയ്ക്ക് വേണ്ടി പ്രകൃതിവിഭവങ്ങളെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നതാണ് ഇവർ പകർന്ന സന്ദേശം.
പല്ലശ്ശന വി.ഐ.എം.എച്ച്.എസ്.എസിലെ എസ്. അതുൽ കൃഷ്ണനും എസ്. സംഗീതയും വെങ്കലയുഗവും നദീതടസംസ്‌കാരവും വെളിപ്പെടുത്തുന്ന നിശ്ചലദൃശ്യവുമായി മികച്ചുനിന്നു. ഹാരപ്പൻ, ഈജിപ്ഷ്യൻ, മെസപ്പൊട്ടോമിയൻ, ചൈനീസ് സംസ്‌കാരങ്ങളെ അടയാളപ്പെടുത്തുന്നതായിരുന്നു ഇവരുടെ മാതൃക. മലപ്പുറം മേൽമുറിയിലെ എം.എം.സി.ടി.എച്ച്.എസ്.എസിലെ മിൻഹയും ഫാത്തിമ ഫിസയും ലോകത്തെ നവോത്ഥാനത്തിലേക്ക് നയിച്ച ഏടുകൾ നിശ്ചല മാതൃകകളിൽ ഒരുക്കി.
ബിഗ് ബസാർ സ്‌കൂളിലെ സാമൂഹിക ശാസ്ത്ര മേളയിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ 28 ടീമുകൾ വീതമാണ് പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |